ഫറോക്ക്: പ്രളയത്തിൽ കൃഷി നശിച്ചവർക്കും വീടു നഷ്ടപ്പെട്ടവർക്കുമെല്ലാം ധനസഹായം അനുവദിച്ചപ്പോൾ സർക്കാരിന് 37,000 കോടി രൂപയുടെ വരുമാനമുണ്ടാക്കുന്ന സംസ്ഥാനത്തെ വ്യാപാരികളെ തീർത്തും തഴയുകയായിരുന്നുവെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസുറുദ്ദീൻ പറഞ്ഞു. വലിയ നാശനഷ്ടം നേരിട്ട വ്യാപാരികൾക്ക് മാത്രം ഇതുവരെ ഒന്നും ലഭിച്ചില്ല. അതേസമയം, പ്രളയത്തിന്റെ പേരിൽ ഇപ്പോൾ ഒരു ശതമാനം സെസ് ഏർപ്പെടുത്തി ബുദ്ധിമുട്ടിക്കുകയുമാണ്.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബേപ്പൂർ നിയോജകമണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡന്റ് ഒ.പി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്‌സൺ കമറു ലൈല മുഖ്യാതിഥിയായിരുന്നു. പ്രളയ ദുരിതാശ്വാസ ഫണ്ട് വിതരണം ജില്ലാ ജനറൽ സെക്രട്ടറി കെ.സേതുമാധവൻ നിർവഹിച്ചു. മണ്ഡലം രക്ഷാധികാരി കെ.സുലൈമാൻ, ജില്ലാ സെക്രട്ടറി കെ.എം.ഹനീഫ, സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവൻ വയനാട്, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് ജോജിൻ ടി.ജോയ്, ജില്ലാ ട്രഷറർ എ.വി.എം കബീർ, യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ് കാപ്പാട്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം നൗഷാദ് കാക്കവയൽ ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷാഹുൽ ഹമീദ്, സി.ജെ.ടെന്നിസൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി സലിം രാമനാട്ടുകര സ്വാഗതവും മണ്ഡലം കമ്മിറ്റി ട്രഷറർ വി.സി.ഗോപാലകൃഷ്‌ണൻ നന്ദിയും പറഞ്ഞു.