സുൽത്താൻ ബത്തേരി : രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ ചീരാലിൽ വീണ്ടും കടുവയിറങ്ങി. ഒരു വളർത്തുനായയെ പിടികൂടി ഭക്ഷിക്കുകയും ഒരു പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ട് കടുവ ചീരാലിന് സമീപം വിഹരിച്ചുവരുകയാണ്.
കടുവയെ പിടികൂടുന്നതിന് വനം വകുപ്പ് കൂട് കൊണ്ടുവന്ന് വെച്ചങ്കിലും ഉന്നത വനപാലകരുടെ ഉത്തരവ് കിട്ടാതെ കെണിയൊരുക്കി കടുവയെ പിടികൂടാനാവില്ലെന്ന നിലപാടിലാണ്. കടുവയെ കണ്ട പണിക്കർപടിയിലും ചീരാലിലും വനപാലകർ കടുവയെ നിരീക്ഷിച്ചുവരുകയാണ്.
ബുധനാഴ്ച ഉച്ചയ്ക്കാണ് ചീരാൽ പണിക്കർപടിയിലെ വാക്കടവത്ത് ജിതേഷിന്റെ തൊഴുത്തിൽ നിന്ന പശുവിനെ കടുവ ആക്രമിച്ചത്. വൈകിട്ട് പണിക്കർപടിയിലെ മണ്ണിൽ രാജേഷ്‌കുമാറിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട പട്ടിയെ കടുവ പിടിച്ച് തിന്നു. വൈകീട്ട് അഞ്ചരയോടെ വീട്ടുകാർ പട്ടിയെ കൂട്ടിൽ നിന്ന് തുറന്നുവിട്ടതായിരുന്നു. തുറന്നുവിട്ട് അരമണിക്കൂറിന് ശേഷം തിരികെ കൂട്ടിൽ വന്ന് കയറുന്ന പട്ടി തിരികെ എത്താതെ വന്നപ്പോൾ വീട്ടുകാർ പരിസരത്തെല്ലാം അന്വേഷിച്ചങ്കിലും കണ്ടെത്താനായില്ല.
ഇന്നലെ രാവിലെ മറ്റൊരു പട്ടിയുമായി അന്വേഷിക്കാനിറങ്ങി. വീട്ടിൽ നിന്ന് നൂറ് മീറ്റർ മാറി വയൽ ഭാഗത്ത് എത്തിയതോടെ പട്ടി മുന്നോട്ട് പോകാൻ വിസമ്മതിക്കുകയും കുരച്ച് കൊണ്ട് നിൽക്കുകയും ചെയ്തതോടെ പരിസരം നിരീക്ഷിച്ചപ്പോൾ രക്തവും പട്ടിയുടെ ശരീര അവശിഷ്ടങ്ങളും മുന്നിൽ കടുവയേയും കണ്ട് പിൻതിരിഞ്ഞ് ഓടിരക്ഷപ്പെടുകയായിരുന്നു.
വനം വകുപ്പ് ജീവനക്കാരൻ സ്ഥലത്തെത്തിയപ്പോൾ കടുവ ആദ്യം കണ്ട സ്ഥലത്ത് തന്നെ കിടക്കുകയായിരുന്നു.
പതിനൊന്ന് മണിയോടെ കൂടുതൽ വനപാലകരും ജനങ്ങളും എത്തിയപ്പോൾ കടുവ സ്‌കൂൾകുന്ന് ഭാഗത്തേക്ക് നീങ്ങി. ർ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മൈക്ക് അനൗൺസ്‌മെന്റ് നടത്തി.
കടുവയെ പിടികൂടണമെന്ന ആവശ്യം ഉയർന്നപ്പോൾ വനപാലകർ കടുവയെ കുടുക്കാൻ കൂട് കൊണ്ടുവന്ന് രാജേഷ്‌കുമാറിന്റെ പറമ്പിൽ വെച്ചു. സി.സി.എഫിന്റെ ഉത്തരവ് കിട്ടിയാലുടൻ കടുവയെ പിടികൂടാനുള്ള നടപടി പൂർത്തിയാക്കും.
രണ്ട് മാസം മുമ്പാണ് കണ്ടർമല പ്രദേശത്ത് വേലായുധൻ എന്നയാളിന്റെ പശുവിനെ കടുവ ആക്രമിച്ച് കൊന്നത്. രണ്ട് വർഷം മുമ്പ് സ്‌കൂൾ കുന്നിൽ നിന്ന് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഒരു കടുവയെ വനം വകുപ്പ് പിടികൂടി ഉൾകാട്ടിൽ കൊണ്ട് പോയി വിട്ടിരുന്നു.
മുത്തങ്ങ റെയിഞ്ച് ഓഫീസർ കെ.പി.സുനിൽ കുമാർ, ഡെപ്യുട്ടി റെയിഞ്ചർ ജി.അംജിത്ത്, ആർ.ആർ.പി റെയിഞ്ചർ സെയ്തലവി, ഡെപ്യുട്ടി റെയിഞ്ചർ ഗിരിഷ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്ത് ഉണ്ട്.
ഫോട്ടോ അടിക്കുറിപ്പ്
- പണിക്കർ പടിയിൽ പ്രത്യക്ഷപ്പെട്ട കടുവ
-കടുവയെ പിടികൂടുന്നതിനായി കൊണ്ടുവന്ന കൂട്