സുൽത്താൻ ബത്തേരി: സുരക്ഷിത വയനാട് യജ്ഞത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ആർദ്ര വിദ്യാലയം പദ്ധതിക്ക് സുൽത്താൻബത്തേരി അസംപ്ഷൻ ഹൈസ്‌കൂളിൽ തുടക്കം. ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള മുഖ്യാതിഥിയായിരുന്നു.

എല്ലാ വിദ്യാലയങ്ങളിലും ഹെൽത്ത് കോർണർ സ്ഥാപിച്ച് അടിയന്തരഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷയും ആരോഗ്യ ബോധവും സൃഷ്ടിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ സാബു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ബി.അഭിലാഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, വൈസ് പ്രസിഡന്റ് സുരേഷ് താളൂർ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. എം. സിന്ധു, നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ബാബു അബ്ദുറഹ്മാൻ, ടി.വി രവീന്ദ്രൻ, എം.ഒ. സജി, ഡോ. എ.അനിത, ഡോ. കെ.ജി. ജയൻ, ഡോ. മനു. പി. വിശ്വം തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം നോർത്ത് പറവൂർ ആസ്ഥാനമായ 'ഹെൽപ് ഫോർ ഹെൽപ്‌ലെസ്' എജ്യക്കേഷണൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയിൽ നിന്നുള്ള ഒമ്പതംഗ സംഘം അസംപ്ഷൻ സ്‌കൂളിലെ 150 ഓളം വിദ്യാർത്ഥികൾക്ക് പ്രഥമശുശ്രൂഷാ പരിശീലനം നൽകി. ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട് എന്നിവയുടെ സഹകരണത്തോടെയാണ് ആർദ്രവിദ്യാലയം പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും ആർദ്രം കോർണർ സ്ഥാപിക്കും. ഒരു ഡോക്ടർക്ക് സ്‌കൂളിന്റെ ചുമതല നൽകി ചങ്ങാതി ഡോക്ടറാക്കുന്നതടക്കമുള്ളതാണ് പദ്ധതി.

പല ഘട്ടങ്ങളിലായാണ് സ്‌കൂളുകളിൽ ആർദ്രവിദ്യാലയം നടപ്പിലാക്കുന്നത്. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ജില്ലയിൽ പഠിക്കുന്ന 80,000 വിദ്യാർത്ഥികൾക്ക് ഏകദിന ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകും. ഇതിനായി കുട്ടി ഡോക്ടർമാർക്കും വിവിധ വകുപ്പുകളിൽ നിന്നുള്ള വോളന്റിയർമാർക്കും ഓരോ സ്‌കൂളിലെയും ഒരു ടീച്ചറെ ഹെൽത്ത് ടീച്ചറാക്കി മൂന്നു ദിവസത്തെ പരിശീലനം നൽകും. 1500 സെഷനുകളായിട്ടായിരിക്കും പരിശീലനം നൽകുക. ഒന്നര മാസത്തിനകം ഇതു പൂർത്തിയാക്കാൻ സാധിക്കും.
രണ്ടാം ഘട്ടത്തിലാണ് സ്‌കൂളുകളിൽ ആർദ്രം കോർണർ സജ്ജമാക്കുക. ഫസ്റ്റ് എയ്ഡ് ബോക്സ്, സ്ട്രക്ച്ചറാക്കി ഉപയോഗിക്കാൻ കഴിയുന്ന പ്രത്യേക ടേബിൾ, കൂളർ എന്നിവ ആർദ്രം കോർണറിലുണ്ടാകും. ദേശീയ ആരോഗ്യദൗത്യം, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ ഐ.ഇ.സി. (ഇൻഫർമേഷൻ എജ്യക്കേഷൻ കമ്മ്യൂണിക്കേഷൻ) അവബോധ ബോർഡുകളും സ്ഥാപിക്കും. പാമ്പുകടി, തലകറക്കം, പട്ടികടി, മുറിവ്, മറ്റ് അപകടങ്ങൾ തുടങ്ങിയവ ഉണ്ടായാൽ എന്ത് ചെയ്യണമെന്ന് ഇതിലൂടെ മനസ്സിലാക്കാം. പരിശീലനം നേടിയ ഹെൽത്ത് ടീച്ചർക്കായിരിക്കും ആർദ്രം കോർണറിന്റെ ചുമതല. പി.ടി.എ.യുടെ സഹകരണത്തോടെ അമ്മമാരുടെ സേവനവും ലഭ്യമാക്കും.

(ചിത്രം)
1. വിദ്യാർത്ഥികൾക്ക് പ്രഥമശുശ്രൂഷാ പരിശീലനം നൽകുന്നു.
2. ആർദ്ര വിദ്യാലയം പദ്ധതി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.