തിരുവമ്പാടി: സമൂഹ മാദ്ധ്യമ കൂട്ടായ്മ നല്ല കാര്യത്തിനുപകരിക്കുമെന്ന് ആനക്കാംപൊയിലുകാരുടെ അനുഭവം. ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും നാട്ടുകാരുടെ സഹായത്തോടെ ഒരു ആംബുലൻസ് സ്വന്തമാക്കി സർവ്വീസ് ആരംഭിക്കുകയും ചെയ്തുകൊണ്ടാണ് ആനക്കാംപൊയിലുകാർ സമുഹ മാദ്ധ്യമ കൂട്ടായ്മയുടെ പ്രയോജനം നാട്ടുകാരെ ബോധ്യപ്പെടുത്തിയത്. ഇതിനായി ചാരിറ്റബിൾ ട്രസ്റ്റ് ഓഫ് ആനക്കാംപൊയിൽ സൗഹൃദ കൂട്ടായ്മ ഓഫീസും ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പിടി അഗസ്റ്റിൻ നിർവ്വഹിച്ചു. കസ്റ്റംസ് ഇൻസ്പക്ടർ സി ടി ആൽബിൻ ആംബുലൻസ് സർവ്വീസ് ഫ്ലാഗ് ഓഫ് ചെയ്തു. ട്രസ്റ്റിന്റെ പ്രവർത്തനം നാട്ടുകാരനായ വർഗീസാണ് ഉദ്ഘാഘാടനം ചെയ്തത്. പ്രകൃതിദുരന്തങ്ങളും മലവെള്ളപ്പാച്ചിലും കാലവർഷ കെടുതിയുമെല്ലാം ആവർത്തിച്ചു നേരിടേണ്ടി വരുന്ന ആനക്കാംപൊയിലുകാർക്ക് ആംബുലൻസ് അത്യാവശ്യമാണെന്ന് ഉദ്ഘാടകൻ അഭിപ്രായപെട്ടു. ആനക്കാംപൊയിൽ, മുത്തപ്പൻപുഴ ,കരിമ്പ്, പുല്ലൂരാംപാറ,നെല്ലിപ്പൊയിൽ, കണ്ടപ്പൻചാൽ എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഉദ്ഘാടന ചടങ്ങിൽ എം പി അസ്കർ അദ്ധ്യക്ഷത വഹിച്ചു. മുക്കം അഗ്നി രക്ഷാ നിലയം അസി. സ്റ്റേഷൻ ഓഫീസർ എൻ വിജയൻ, പഞ്ചായത്തംഗങ്ങളായ ടോമി കൊന്നക്കൽ, പൗളിൻ മാത്യു, ബിന്ദു ജെയിംസ്, ഷാജി തോമസ്, ട്രസ്റ്റ് ഭാരവാഹികളായ പ്രസാദ്, രഞ്ജിത്ത്,ബോബൻ തോമസ്, സജി കണിയാൻകുഴിയിൽ, എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനിടെ നടക്കുന്നതിനിടെ തളർന്നു കുഴഞ്ഞു വീണ ജയപ്രകാശ് എന്നയാളെ ഫയർഫോഴ്സ് ഓഫീസർ എൻ വിജയൻ പ്രാഥമിക ശുശ്രൂഷ നൽകി ഈ ആംബുലൻസിൽത്തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.