മാനന്തവാടി: നിരവധി സഞ്ചാരികളെത്തുന്ന കുറുവാ ദ്വീപ് തുറക്കാൻ എത്രയും വേഗം സർക്കാർ നടപടി സ്വീകരിക്കണമെന്ന് മാനന്തവാടി നഗരസഭ പ്രതിപക്ഷ നേതാവ് ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർ ഹരി ചാലിഗദ്ദ എന്നിവർ ആവശ്യപ്പെട്ടു. കുറുവ ദ്വീപ് തുറക്കാൻ ഒ.ആർ.കേളു എംഎൽഎ ഒന്നും ചെയ്യുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ ചർച്ച ചെയ്ത് കോടതിയിൽ സമർപ്പിക്കാത്തതാണ് തടസ്സമായിരിക്കുന്നത്. ഇതുകാരണം നൂറുകണക്കിന് കുടുംബങ്ങൾ പട്ടിണിയിലായിരിക്കുകയാണ്. കുടുംബശ്രീക്കാർ കുറുവയെ ആശ്രയിച്ച് ലക്ഷകണക്കിന് രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്ത് സംരംഭം തുടങ്ങിയതാണ്. കുറുവാ ദ്വീപ് അടഞ്ഞുകിടക്കുന്നതിനാൽ ലോൺ തിരിച്ചടയ്ക്കാൻ കഴിയാതെ പ്രയാസം അനുഭവിക്കുകയാണ് കുറുവയിലെ സമീപവാസികൾ. ടൂറിസ്റ്റുകൾ എത്തിപ്പെടാത്തതിനാൽ ഈ മേഖല സ്തംഭനാവസ്ഥത്തിലാണെന്നും അവർ പറഞ്ഞു.