കോഴിക്കോട്: പുതുതലമുറയുടെ നൂതന സംരംഭമായി കാലിക്കറ്റ് ഫ്‌ളീ മാർക്കറ്റ് ഡിസംബർ 20, 21, 22 തീയതികളിൽ എരഞ്ഞിപ്പാലം ബൈപാസിനു സമീപത്തെ പി.വി.കെ ഗ്രൗണ്ടിൽ നടക്കും.

മലബാറിലെ യുവസംരംഭകർ, ആർക്കിടെക്റ്റുകൾ, ആർട്ടിസ്റ്റുകൾ, ആർട്ട് - ആർക്കിടെക്റ്റ് വിദ്യാർത്ഥികൾ എന്നിവരുടെ കൂട്ടായ്മയായ മലബാർ ആർട്ട് കളക്റ്റീവാണ് വേദിയൊരുക്കുന്നത്. കലയെ പ്രോത്സാഹിപ്പിക്കുക, നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം ജനങ്ങളിലെത്തിക്കുക, അന്യം നിന്നു പോവുന്ന കലാരൂപങ്ങൾ പുനരുജ്ജീവിപ്പിക്കുക, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നതെന്ന് കാലിക്കറ്റ് ഫ്‌ളീ മാർക്കറ്റിന്റെ ആർട്ട് ക്യൂറേറ്റർ ആർക്കിടെക്റ്റ് ഷെറിൻ ഖദീജ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചെറുകിട സംരംഭകരുടെ 120 ഓളം സ്റ്റാളുകളാണ് കാലിക്കറ്റ് ഫ്‌ളീ മാർക്കറ്റിന്റെ മുഖ്യആകർഷണം. ഭക്ഷണം, ചിത്രങ്ങൾ, ഫോട്ടോകൾ, കരകൗശല ഉത്പന്നങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ സ്റ്റാളുകളായിരിക്കും കൂടുതലും. ഇരുപതോളം പ്രമുഖ മ്യൂസിക് ബാൻഡുകൾ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടാവും. വൈകിട്ട് നാല് മുതൽ രാത്രി 9 വരെയാണ് മാർക്കറ്റ്.