കൽപ്പറ്റ: ഹൃദയാഘാതം, വിഷബാധ തുടങ്ങിയവ മൂലമുണ്ടാകുന്ന ജീവനാശം ഒരു പരിധി വരെ കുറയ്ക്കാൻ ഇക്കഴിഞ്ഞ കാലയളവുകളിൽ ആശുപത്രിക്ക് കഴിഞ്ഞെന്ന് ഡിഎംവിംസ്‌ മെഡിക്കൽകോളേജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അത്യാസന്ന ഘട്ടങ്ങളിലെ ചികിത്സകൾക്കായി അവശ്യംവേണ്ട ആധുനിക സജ്ജീകരണങ്ങൾ ഉള്ള എട്ട് ഓപ്പറേഷൻ തിയേറ്ററുകൾ അടങ്ങിയ സമ്പൂർണ തിയേറ്റർ കോംപ്ലക്സ്, ശസ്ത്രക്രിയയ്ക്ക്‌ശേഷം പാർപ്പിക്കേണ്ട പൂർണ്ണസജ്ജമായ സർജിക്കൽ ഐസിയു, ന്യൂറോഐസിയു, കാർഡിയാക്‌ ഐസിയു, മെഡിക്കൽ ഐസിയു, കുട്ടികൾക്കുള്ള പ്രത്യേക ഐസിയു, നവജാതശിശുക്കൾക്കുള്ള ഐസിയു, കുട്ടികൾക്ക് മാത്രമുള്ള മൂന്ന് പീഡിയാട്രിക് വെന്റിലേറ്ററുകൾ, കുട്ടികൾക്കും മുതിർന്നവർക്കും ഉപയോഗിക്കാവുന്ന 9 വെന്റിലേറ്ററുകൾ, നവജാത ശിശുക്കൾക്കുള്ള വെന്റിലേറ്ററുകൾ, ശ്വസനത്തിനു സഹായിക്കുന്ന ബൈപാസുകൾ, എന്നിവയും ഇവിടെ സജ്ജമാണ്. വിഷംതീണ്ടിയവർക്കുള്ള ചികിത്സയിൽ ആന്റിവെനത്തിന്റെയും, വെന്റിലേറ്ററുകളുടെയും ലഭ്യതയും ഡയാലിസിസ്‌ സേവനങ്ങളും ഇവിടെ നേരത്തെ സജ്ജമാണ്. പാമ്പ് കടിയേറ്റവരെയോ മറ്റ് വിഷം തീണ്ടിയവരെയോ യഥാസമയം ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ ജീവൻ രക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും ഇപ്പോൾ ഡിഎം വിംസിൽ ഉണ്ട്. ജില്ലയിൽ പീഡിയാട്രിക് വെന്റിലേറ്ററുകൾ ലഭ്യമല്ല എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഡിഎംവിംസിൽ 3 പീഡിയാട്രിക് വെന്റിലേറ്ററുകൾ ഉണ്ട്.

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ 170 ഒാളം ആളുകൾ കഠിന നെഞ്ചുവേദനയുമായി അത്യാഹിത വിഭാഗത്തിൽ ചികിത്സതേടിയിട്ടുണ്ട്. പാമ്പുകടിയേറ്റ് 6 പേരും വിഷംഉള്ളിൽചെന്ന് 32 പേരും വാഹനാപകടങ്ങളിൽ പരിക്കുപറ്റി 250 ഓളംആളുകളും ഈ വിഭാഗത്തിൽ ചികിത്സതേടിയിട്ടുണ്ട്.

അടിയന്തരഘട്ടങ്ങളിൽ ചികിത്സയ്‌ക്കെത്തുന്നവർക്ക് പണമില്ലാത്തതിന്റെ പേരിൽ ഇവിടെ ഇതുവരെ ചികിത്സ നിഷേധിക്കപ്പെട്ടിട്ടില്ല.

ജില്ലയിലെ സ്‌കൂളുകളിൽ വിവിധ ആപത്ഘട്ടങ്ങളിൽ ചെയ്യേണ്ട പ്രഥമശുശ്രൂഷകളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതി ഏറ്റവും നല്ലരീതിയിൽ നടപ്പിലാക്കിയ രാജ്യത്തെ അഞ്ച് സ്വകാര്യ ആശുപത്രികളിൽ ഒന്നായി ഡിഎംവിംസിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

വാർത്താസമ്മേളനത്തിൽ കോളേജ് ഡീൻ ഡോ. ആന്റണി സിൽവാൻ ഡിസൂസ, മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് നാരായണൻ, അസിസ്റ്റന്റ് ജനറൽമാനേജർ (അഡ്മിനിസ്‌ട്രേഷൻ) സൂപ്പി കല്ലങ്കോടൻ, അസിസ്റ്റന്റ് ജനറൽമാനേജർ (ഓപ്പറേഷൻസ്) വിവിൻജോർജ് എന്നിവർ പങ്കെടുത്തു.