ggg
ഗോകുലം കേരള എഫ്.സി ക്യാപടൻ മാർക്കസ് ജോസഫ് പരിശീലനത്തിൽ

കോഴിക്കോട്: ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ട കരുത്ത്, ഷെയ്ഖ് കമാൽ ഇന്റർ നാഷണൽ ക്ലബ് കപ്പിൽ സെമി ഫൈനലിലെത്തിയ പോരാട്ട വീര്യം. ഐ -ലീഗ് ഫുട്ബാളിൽ ഇത്തവണ ഗോകുലം കേരള എഫ്.സി ജയന്റ് കില്ലറോ കറുത്ത കുതിരകളോ അല്ല. ടൂർണമെന്റ് ഫേവറേറ്റുകൾ തന്നെയാണ് 'മലബാറിയൻസ്".

ഐ- ലീഗിലെ ആദ്യ കളിയിൽ മണിപ്പൂരി കരുത്തരായ നെരോക്ക എഫ്.സിക്കെതിരെ ഇന്ന് വൈകിട്ട് ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കെട്ടുമ്പോൾ ജയം മാത്രമാണ് ഗോകുലം കേരള എഫ്.സിയുടെ ലക്ഷ്യം.

@ നെരോക്ക വെല്ലുവിളിയാകും

ഗോകുലത്തിന്റെ മുൻ കോച്ച് ഗിഫ്റ്റ് റൈഖാൻ പരിശീലിപ്പിക്കുന്ന നെറോക്ക എഫ്.സി തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ട്രിനിഡാഡ് ഗോൾ കീപ്പർ മാർവിൻ ഫിലിപ്പാണ് ടീമിന്റെ നായകൻ. മാലി താരം ദിയാറ, ടര്യക് സാംപ്സൺ എന്നീ പുതിയ താരങ്ങളാണ് നെരോക്കയുടെ കരുത്ത്.

"ആക്രമണം ഫുട്ബാൾ കളിക്കും. ആരാധകർക്ക് മുന്നിൽ മികച്ച ഫുട്ബാൾ കാഴ്ചവെക്കും. ഡ്യൂറന്റ് കപ്പിലും ഷെയ്ഖ് കമാൽ ഇന്റർ‌നാഷണൽ കപ്പിലും മികച്ച പ്രകടനമാണ് നടത്തിയത്. അത് തുടരും. മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ മെച്ചപ്പുത്തിയിട്ടുണ്ട്." ... ഫെർണാണ്ടോ സാന്റിയാഗോ വരേല ( ഗോകുലം കോച്ച്)

ഗോകുലം ഇന്ത്യയിലെ മികച്ച ടീമാണ്. എല്ലാ മേഖലകളിലും മികച്ച താരങ്ങൾ ഗോകുലത്തിനുണ്ട്. ജയിക്കാനായി പരിശ്രമിക്കും. ഫുട്ബാളിനെ സ്നേഹിക്കുന്ന ആരാധകരാണ് ഇവിടെയുള്ലത്. മറ്റ് ടീമുകൾക്ക് കോഴിക്കോട്ട് ജയിക്കാൻ പ്രയാസമാണ്...... ഗിഫ്റ്റ് റൈഖാൻ ( നെരോക്ക കോച്ച്)

@ കരുത്തുറ്റ ടീം

അർജന്റീനൻ കോച്ച് ഫെർണാണ്ടോ സാന്റിയാഗോ വരേലയുടെ കീഴിൽ കരുത്ത് കൂട്ടിയാണ് ഐ. ലീഗിലെ മൂന്നാം സീസണിൽ മലബാറിയൻസ് അങ്കം കുറിക്കുന്നത്. മാർക്കസ് ജോസഫിന്റെ നേതൃത്വത്തിലാണ് ഗോകുലം ഇറങ്ങുക. മുഹമ്മദ് ഇർഷാദാണ് വൈസ് ക്യാപ്റ്റൻ.

അഞ്ച് വിദേശതാരങ്ങളടക്കം 25 പേരാണ് ഗോകുലം സ്‌ക്വാർഡിലുള്ളത്. പത്ത് മലയാളി താരങ്ങളും ടീമിലുണ്ട്. മലയാളി യുവതാരം എം.എസ് ജിതിൻ ഗോകുലത്തിനായി ബൂട്ടുകെട്ടും. സി.കെ ഉബൈദാണ് വലകാക്കുക. വിഗ്‌നേശ്വരൻ ഭാസ്‌കരൻ, പി.കെ അജ്മൽ എന്നിവരും ഗോൾകീപ്പർമാരായി ടീമിലുണ്ട്.

കരുത്തരെയാണ് പ്രതിരോധ ചുമതല കോച്ച്ചുമതലപ്പെടുത്തുന്നത്. പൂനെ എഫ്.സി മുൻ താരം സെബാസ്റ്റ്യൻ താംഗ്സാംഗ്, ജസ്റ്റിൻ ജോർജ്ജ്, ആന്ദ്രേ എഥീനി, മുഹമ്മദ് ഇർഷാദ്, ധർമരാജ് രാവണൻ, ഹാറൂൺ അമീറി, അശോക്സിംഗ്, നവോചാസിംഗ് എന്നിവർ അണിനിരക്കും.

മലയാളിയുവനിരായാണ് ഗോകുലത്തിന്റെ മദ്ധ്യനിരകരുത്ത്. ഷിബിൽ മുഹമ്മദ്, മുഹമ്മദ് റാഷിദ്, മുഹമ്മദ് സലാഹ്, കെ. സൽമാൻ, എം.എസ് ജിതിൻ എന്നിവർക്കൊപ്പം യാംബോയ് മോയ്റംഗും മായകണ്ണനും കരുത്താകും. നിക്കോളാസ് ഫെർണാണ്ടസ്, മാലേംഗാൻബ മെയ്തി എന്നിവരും ടീമിലുണ്ട്.

നായകൻ മാർക്കസ് ജോസഫിനും ഹെൻട്രി കിസേക്കക്കും പുറമെ ലാൽഡംമാവിയും കാസർകോട് കെ.പി രാഹുലും ഗോകുലത്തിനായി ഇറങ്ങും.

@ ഗോകുലത്തിന്റെ തുറുപ്പു ചീട്ടുകൾ

മാർക്കസ് ജോസഫ്- ടീമിന്റെ നായകൻ, ഗോകുലത്തിന്റ ഗോൾ മിഷീൻ ട്രിനിഡാഡ് ആൻഡ് ടുബാഗോ താരം. ഡ്യൂറന്റ് കപ്പിൽ 11 ഗോളുകൾ അടിച്ചുകൂട്ടി. ആറ് അന്താരാഷ്ട്ര ഗോളുകൾ. കഴിഞ്ഞ സീസണിൽ ഏഴ് ഗോൾ.

ഹെൻട്രി കിസേക്ക - ഫോർവേഡ്, ഉഗാണ്ടൻ താരം. ഗോകുലത്തിലേക്ക് തിരിച്ചുവരവ്. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി 11 ഗോളുകൾ. ഗോകുലത്തിന് ആദ്യ സീസണിൽ ജയന്റ് കില്ലർ എന്ന പേര് നേടിക്കൊടുത്ത താരം.

ഹാരൂൺ അമിരി- സെന്റർ ബാക്കായും ഡിഫൻസീവ് മിഡ്ഫീൽഡറായും കളിക്കും. അഫ്ഗാൻ അന്താരാഷ്ട്ര താരം. ഇന്ത്യക്കെതിരെ ലോകകപ്പ് യോഗ്യത മത്സരം കളിച്ചു. ഗോകുലത്തിന്റെ പുതിയ സൈനിംഗ്. എഫ്.സി. ഗോവ, ഡംപോ ഗോവ, മോഹൻബഗാൻ, ചെന്നൈ സിറ്റി എന്നിവർക്കായി ബൂട്ടുകെട്ടി.

മുഹമ്മദ് ഇർഷാദ്- വൈസ്ക്യാപ്ടൻ, മലപ്പുറം തിരൂർ സ്വദേശി. ലെഫ്റ്റ് ബാക്കാണ്. യൂട്ടിലിറ്റി പ്ലെയർ എന്നാണ് വിശേഷണം.

സി.കെ. ഉബൈദ്- കരുത്തനായ ഗോളി. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. ഐ. ലീഗിലെ പരിചയ സമ്പന്നനായ ഗോൾ കീപ്പർ. ഡ്യൂറന്റ് കപ്പ് സെമിയിൽ പെനാൾട്ടി സേവ് ചെയ്ത് ഗോകുലത്തിന്റെ രക്ഷകനായി. ഈസ്റ്റ് ബംഗാളാണ് മുൻ ക്ലബ്.

നഥാനിയേൽ ഗാർഷ്യ - ഫ്രീക്കിക് വിദഗ്ധൻ, അറ്റാക്കിംഗ് മിഡ് ഫീൽഡർ. ട്രിനി‌ഡാഡ് ആൻഡ് ടുബാഗോ താരം. ഷെയ്ക്ക് കമാൽ ഇന്റർനാഷണൽ കപ്പിൽ രണ്ട് മാൻ ഓഫ് ദമാച്ച് പുരസ്കാരം.

മുഹമ്മദ് റാഷിദ്- മിഡ് ഫീൽഡർ, വയനാട് സ്വദേശി. ഗോകുലം ടീമിലെ സ്ഥിരം സാന്നിധ്യം. മദ്ധ്യനിരിയിലെ ത്രൂബോൾ വിദഗ്ധൻ.