കൊളഗപ്പാറ: ഗോത്രവിഭാഗങ്ങളുടെ സ്വന്തം ഭാഷയിൽ പാഠഭാഗങ്ങൾ തയ്യാറാവുന്നു. പ്രാദേശിക ഭാഷാ വൈവിധ്യമുള്ള വിദ്യാലയങ്ങളിൽ കുട്ടികൾക്ക് പഠനം അനായസമാക്കാനാണ് ഗോത്ര ഭാഷയിലെ പാഠ്യഭാഗങ്ങളുമായി സർവശിക്ഷ കേരളം എത്തുന്നത്.
പ്രാഥമിക പഠന മാധ്യമമായ മലയാളത്തിലേക്ക് എത്തിചേരുന്നതിനുളള ബ്രിഡ്ജിംഗ് പാഠങ്ങളാണ് സമഗ്ര ശിക്ഷ കേരളയുടെ ഔട്ട് ഓഫ് സ്‌കൂൾ ഇടപെടലുകളുടെ ഭാഗമായി നൽകുന്നത്. കൊളഗപ്പാറയിൽ നടന്ന മൂന്ന് ദിവസത്തെ ശിൽപ്പശാലയിൽ പാഠഭാഗങ്ങൾക്ക് രൂപരേഖയായി. ഗോത്രഭാഷയിൽ കുട്ടികളോട് സംവദിക്കാൻ പരിമിതിയുളള അധ്യാപകനും മലയാളത്തിൽ ക്ലാസ്റൂം പ്രവർത്തനങ്ങൾ ബോധ്യപ്പെടാൻ സാധിക്കാത്ത കുട്ടികൾക്കും ബ്രിഡ്ജിംഗ് പാഠങ്ങൾ പ്രയോജനമാകും.
പണിയ, കുറുമ, കുറുച്യർ, ഊരാളൻ, കാട്ടുനായ്ക്കർ മുതലായ പന്ത്രണ്ടോളം പ്രാദേശിക ഗോത്രവർഗ്ഗക്കാരുടെ ഭാഷകളിലാണ് മലയാളം, ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങളെ ആസ്പദമാക്കി മൂന്നാം ക്ലാസ് നിലവാരത്തിൽ പാഠങ്ങൾ തയാറാക്കുന്നത്.
വിദ്യാലയത്തിൽ എത്തിച്ചേരുകയും ഭാഷാ പരിമിതികൊണ്ട് പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്യുന്ന ആദിവാസിഗോത്ര വിഭാഗങ്ങളിലെ കുട്ടികളെ ലക്ഷ്യമിട്ടാണ് സമഗ്രശിക്ഷാ കേരള പദ്ധതി തയ്യാറാക്കിയത്. ഇരുളം ജി.എച്ച്.എസ്, പുൽപ്പളളി വിജയ എൽ.പി.എസ്, മീനങ്ങാടി ജി.എൽ.പി.എസ് എന്നീ വിദ്യാലങ്ങളിൽ സംസ്ഥാന തല റിസോഴ്സ് അംഗങ്ങളുടെയും ജില്ലയിലെ മെന്റർ ടീച്ചർമാരുടെയും നേതൃത്വത്തിലാണ് ട്രൈഔട്ടുകൾ സംഘടിപ്പിച്ചത്.
ഒരു വിദ്യാലയത്തിൽ തന്നെ നിരവധി ആദിവാസി ഗോത്ര ഭാഷകൾ സംസാരിക്കുന്ന കുട്ടികളുളള വയനാട്, ഇടുക്കി ജില്ലകളിൽ ഫലപ്രദമാണ് ഈ പാഠ്യപദ്ധതി. ഓരോ കുട്ടിയുടേയും മൗലിക ഭാഷയിൽ പുസ്തകരൂപത്തിൽ പാഠങ്ങൾ എത്തിക്കുന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണിത്. ജില്ലയിലെ ഗോത്രബന്ധു അധ്യാപകരാണ് രണ്ടു ഘട്ടങ്ങളിലായി നടന്ന ട്രൈ ഔട്ട് പരിശീലനങ്ങൾ വിദ്യാലയങ്ങളിൽ നടത്തിയത്. മെന്റർ ടീച്ചർമാരായ ജാനു രാജൻ, കെ.മഞ്ജു,എം.എസ്.ശ്രീജ, സി.ബി.ശ്രീജ, എച്ച്.സുമേഷ്., ടി.സി.സനിത എന്നിവരാണ് പണിയ, കുറുമ, കാട്ടുനായ്ക്ക എന്നീ ഭാഷകളിൽ ബ്രിഡ്ജിങ്ങ് പാഠങ്ങൾ വിദ്യാലയങ്ങളിൽ അവതരിപ്പിച്ചത്.
സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.സിന്ധു, ഡോ. ടി.പി കലാധരൻ, ജില്ലാ പ്രോജക്ട് കോർഡിനേറ്റർ അബ്ദുൾ അസീസ്, ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം.ഒ.സജി, ഒ.പ്രമോദ്, ബി.പി.ഒ. ഷാജൻ കെ.ആർ തുടങ്ങിയവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി.
'നീറ് സല്ലാതെ, തൂട്ട്സക്' എന്ന് ക്ലാസ് മുറിയിൽ അദ്ധ്യാപകൻ ഉറക്കെ പറഞ്ഞപ്പോൾ ആരും അമ്പരന്നില്ല. 'ജലം അമൂല്യമാണ് അത് സംരക്ഷിക്കണം.' എന്നത് സ്വന്തം ഗ്രോത്രഭാഷയിൽ കേട്ടപ്പോൾ അത് അവർ ആവേശത്തോടെ ഏറ്റുചൊല്ലി.
(ചിത്രം)