ഹരിത പദ്ധതികൾ ഇങ്ങനെ

1. ഹരിത പൗരന്‍

2. ഹരിത കുടുംബം

3. ഹരിത സ്ഥാപനം

4. ഹരിത പാഠശാല

5. ഹരിത വാര്‍ഡ്

6. സീറോ വേസ്റ്റ് പഞ്ചായത്ത്

7. ഹരിത പഞ്ചായത്ത്

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകളടക്കം ജനുവരി ഒന്നു മുതല്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ സമാന്തര ഉത്പന്നങ്ങള്‍ കുടുംബശ്രീ മുഖേന നിര്‍മ്മിക്കും. ഓരോ പഞ്ചായത്തിലും ബ്ലോക്കിലേക്ക് ആവശ്യമായ രീതിയില്‍ തുണിസഞ്ചി, പേപ്പര്‍ ബാഗുകള്‍, പുനരുപയോഗത്തിന് കഴിയുന്ന പാത്രങ്ങള്‍ എന്നിവയാണ് നി‌ർമ്മിക്കുക.

കോഴിക്കോട് ശുചിത്വ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായ ചേർന്ന ശുചിത്വ കോണ്‍ഫറന്‍സ് അവലോകന യോഗത്തിൽ ജില്ലാ കളക്ടര്‍ സാംബശിവ റാവു അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എല്ലാ പഞ്ചായത്തുകളിലും മിനി എം.സി.എഫ് ഉറപ്പാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ഹരിത പഞ്ചായത്ത്, സീറോ വേസ്റ്റ് പഞ്ചായത്ത് പദ്ധതി പ്രഖ്യാപനവുമുണ്ടായി യോഗത്തില്‍.

കൃത്യമായ മാലിന്യ പരിപാലനത്തിലൂടെ ഒരു വ്യക്തിക്ക് സ്വയം ഹരിത പൗരനായി പ്രഖ്യാപിക്കാം. മാലിന്യമുക്തമായ വീടുകള്‍ക്ക് വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റി ഹരിത കുടുംബ ബാഡ്ജ് നല്‍കും. ഹരിത സ്ഥാപനമായി പ്രഖ്യാപിക്കന്നവയ്ക്ക് ഇവയ്ക്ക് ഹരിത സ്ഥാപന ബാഡ്ജും നല്‍കും. ശാസ്ത്രീയ മാലിന്യ സംസ്‌കരണം, മിനി എം. സി. എഫ്, പൂന്തോട്ടം, ഔഷധതോട്ടം, പച്ചക്കറി തോട്ടം എന്നിവയുമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്ന വിദ്യാലയങ്ങളെ ഹരിത പാഠശാലയായി പ്രഖ്യാപിക്കുക.
ജില്ലാ ഭരണകൂടമാണ് സീറോ വേസ്റ്റ് പഞ്ചായത്തുകളെ തിരഞ്ഞെടുക്കുക. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, 50 ശതമാനം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയില്‍ ജൈവ മാലിന്യ സംസ്‌കരണ ഉപാധികള്‍, കുറ്റമറ്റ എം.സി.എഫ് പ്രവര്‍ത്തനം, 60 ശതമാനം വീടുകളിലും ജൈവമാലിന്യ സംസ്‌കരണ സംവിധാനം, പഞ്ചായത്തുകളിലെ 60 ശതമാനം വീടുകളിലും മുനിസിപ്പാലിറ്റിയില്‍ 70 ശതമാനം വീടുകളിലും അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മസേന കൈമാറണം, ശുചിത്വ സാക്ഷരത ഉറപ്പുവരുത്തുക എന്നീ മാനദണ്ഡങ്ങള്‍ പാലിക്കുന്ന പഞ്ചായത്തുകളെ സീറോ വേസ്റ്റ് പഞ്ചായത്തായി പ്രഖ്യാപിക്കും.
സീറോ വേസ്റ്റ് പഞ്ചായത്ത് ആയി പ്രഖ്യാപിച്ച, 100 ശതമാനം ആളുകള്‍ക്കും ശുചിത്വ സാക്ഷരതാ ക്ലാസുകള്‍ ലഭിച്ച പഞ്ചായത്തുകളെയാണ് ഹരിത പഞ്ചായത്തായി പ്രഖ്യാപിക്കുക. മാലിന്യ കൂമ്പാരങ്ങള്‍ ഹരിത തോട്ടങ്ങളാക്കി മാറ്റുക, കംഫര്‍ട് സ്റ്റേഷനുകളുടെ തൃപ്തികരമായ ശുചീകരണവും പരിപാലനവും, പഞ്ചായത്തില്‍ ഒരു സ്ഥലത്തെങ്കിലും പച്ചത്തുരുത്ത്, തരിശുനില ഭൂമി കൃഷിയിടങ്ങളാക്കി മാറ്റുക, പഞ്ചായത്തിലെ രണ്ട് സ്ഥലത്തെങ്കിലും ഗ്രീന്‍ പാര്‍ട്‌ണേഴ്‌സ് പദ്ധതി നടപ്പിലാക്കുക, ഹരിത നിയമാവലി നടപ്പിലാക്കുക, ജലസ്രോതസ്സുകളും ജലാശയങ്ങളും മലിനമാക്കുന്നതിനെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയവയും ഹരിത പഞ്ചായത്തിനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളായുണ്ടാവും.

''നിശ്ചിത മാനദണ്ഡങ്ങള്‍ 70 ശതമാനത്തില്‍ കൂടുതല്‍ പാലിക്കുന്ന സ്ഥാപനങ്ങളെ ഹരിത സ്ഥാപനമായി പ്രഖ്യാപിക്കും.

കോ-ഓർഡിനേറ്റർ,

ഹരിതകേരള മിഷൻ