-പണിക്കർ പടി മുതൽ ചീരാൽ സ്‌കൂൾകുന്ന് വരെ 6 നിരീക്ഷണ ക്യാമറകൾ
-ആവശ്യമെങ്കിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കും
-തെരച്ചിൽ നടത്തിയത് അറുപതംഗ സംഘം
-നിരീക്ഷണ കമ്മറ്റി രൂപീകരിക്കും


സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം ചീരാൽ പണിക്കർ പടിയിൽ പശുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പട്ടിയെ പിടികൂടി തിന്നുകയും ചെയ്ത കടുവയെ കണ്ടെത്തുന്നതിനായി ഇന്നലെ രാവിലെ മുതൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കടുവ ഉണ്ടാവാൻ സാധ്യതയുള്ള അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വനപാലകർ ഇന്നലെ ഉച്ചവരെ തെരച്ചിൽ നടത്തിയിട്ടും കടുവ പ്രദേശത്ത് ഉള്ളതിന്റെ ഒരു ലക്ഷണവും കാണാത്തതിനെ തുടർന്നാണ് തെരച്ചിൽ നിർത്തിയത്. കടുവയുടെ സാന്നിദ്ധ്യം നേരത്തെ കണ്ട പ്രദേശങ്ങളിൽ ആറ് ക്യാമറകൾ സ്ഥാപിച്ച് നിരീക്ഷണം തുടങ്ങി.
ബുധനാഴ്ച ഉച്ചയ്ക്കാണ് ചീരാൽ പണിക്കർ പടിയിലെ വാക്കടവത്ത് ജിതേഷിന്റെ തൊഴുത്തിൽ നിന്ന പശുവിനെ കടുവ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. വൈകീട്ട് പണിക്കർ പടിയിലെ മണ്ണിൽ രാജേഷ്‌കമാറിന്റെ ലാബ്രഡോർ ഇനത്തിൽപെട്ട പട്ടിയെ കടുവ പിടിച്ച് തിന്നുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടുകൂടി പട്ടിയെ തെരഞ്ഞുപോയ രാജേഷിന്റെ സഹോദരൻ ഗിരീഷ് കടുവയുടെ മുന്നിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.
കടുവ തിന്ന പട്ടിയുടെ അവശിഷ്ടം രാത്രി ഏഴ് മണിയോടെ കടുവ വീണ്ടും വന്ന് തിന്ന് പോയിരുന്നു.
വ്യാഴാഴ്ച രാത്രിയിലും കടുവ പ്രദേശത്ത് തന്നെ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ബോധ്യമായതോടെ രാത്രി തന്നെ വനം വകുപ്പ് മൂന്ന് കേന്ദ്രങ്ങളിൽ ക്യാമറ വെച്ച് നിരീക്ഷണം നടത്തിയെങ്കിലും ക്യാമറയിൽ എവിടെയും കടുവയുടെ ദൃശ്യം പതിഞ്ഞില്ല. ഇന്നലെ രാവിലെ ഏഴ് മണിക്ക് ബത്തേരി, കുറിച്ച്യാട്, മുത്തങ്ങ റെയിഞ്ചുകളിലേയും ആർ.ആർ.പി, ഇ.ഡി.സി യിലേയും അറുപതോളം വരുന്ന വനപാലക സംഘവും വെറ്ററിനറി ഡോക്ടർ,നാട്ടുകാർ എന്നിവർ ചേർന്നാണ് പണിക്കർ പടി, ചീരാൽ, സ്‌കൂൾകുന്ന്, വല്ലത്തൂർ,കരിവള്ളി തുടങ്ങി നാല് കിലോമിറ്റർ ചുറ്റളവിൽ തെരച്ചിൽ നടത്തിയത്.

അതിനിടെ ചീരാലിലെ പെട്രോൾ പമ്പിന് സമീപം കടുവയെ കണ്ടതായി ചിലർ അറിയിച്ചതോടെ തെരച്ചിൽ സംഘം ഇവിടെ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ഡോക്ടർ അരുൺ സക്കറിയായുടെ നിർദ്ദേശപ്രകാരം ആറ് സ്ഥലത്തായിട്ടാണ് ക്യാമറ സ്ഥാപിച്ചത്. കൂടുതൽ സ്ഥലത്ത് ക്യാമറ സ്ഥാപിക്കാനുള്ള നീക്കവുമുണ്ട്. കടുവയെ നീരീക്ഷിക്കുന്നതിനായി അടുത്ത ദിവസം തന്ന ഒരു കമ്മറ്റി രൂപീകരിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നാട്ടുകാർ എന്നിവർ അംഗങ്ങളായ കമ്മറ്റിയാണ് രൂപീകരിക്കുക.

വൈൽഡ് ലൈഫ് വാർഡൻ പി.കെ.ആസീഫ്, മുത്തങ്ങ റെയിഞ്ചർ കെ.പി.സുനിൽകുമാർ, ബത്തേരി റെയിഞ്ചർ രമ്യ രാഘവൻ,കുറിച്ച്യാട് റെയിഞ്ചർ രതീശൻ, ആർ.ആർ.പി.റെയിഞ്ചർ സെയ്തലവി, ഡെപ്യുട്ടി റെയിഞ്ചർമാരായ സുന്ദരം, ജി.അംജത്ത്, പ്രഭാകരൻ, ഗിരിഷ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിലിന് നേതൃത്വം നൽകിയത്. സുൽത്താൻ ബത്തേരി പോലീസ് സ്‌റ്റേഷനിലെ പൊലീസുകാരും സ്ഥിതിഗതികൾ നിയന്ത്രിച്ചുവന്നു.


കൂട് കാപ്പിത്തോട്ടത്തിൽ
സുൽത്താൻ ബത്തേരി: ചീരാൽ ഭാഗത്ത് കടുവ ഇറങ്ങിയതോടെ വനം വകുപ്പ് കടുവയെ പിടികൂടുന്നതിന് വേണ്ടി കൂട് കൊണ്ട് വന്ന് വച്ചങ്കിലും ഉന്നത വനപാലകന്റെ ഉത്തരവ് കിട്ടാത്തതിനാൽ കൂട് തുറന്ന് കെണിയൊരുക്കി വയ്ക്കാക്കാനായില്ല. കൂട് രാജേഷിന്റെ കാപ്പിതോട്ടത്തിൽ ഇറക്കിവെച്ചിരിക്കുകയാണ്.