അദ്ധ്യാപകരെ വേദനിപ്പിക്കരുത്: വിദ്യാർത്ഥികളോട് മുതുകാട്
സുൽത്താൻ ബത്തേരി: മാതാപിതാക്കൾ കുട്ടികളെ സ്‌കൂളിലേക്ക് യാത്രയാക്കി അവർ സ്‌കൂളിലെത്തിക്കഴിഞ്ഞാൽ പിന്നെ കുട്ടികളുടെ രക്ഷിതാക്കൾ അദ്ധ്യാപകരാണ്. അദ്ധ്യാപകരെ വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ വേദനിപ്പിക്കാൻ പാടില്ല -മജീഷ്യൻ പ്രൊഫ.ഗോപിനാഥ് മുതുകാട് കുട്ടികളോട് പറഞ്ഞു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരിച്ച ബത്തേരി സർവ്വജന ഹൈസ്‌കൂളിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിന്തകളാണ് വാക്കുകളായി മാറുന്നത്. വാക്കുകളാണ് പ്രവർത്തികളായി മാറുന്നത്. ശീലങ്ങളാണ് സ്വഭാവമായി മാറുന്നത്. നല്ല സ്വഭാവമുള്ളവരായി വേണം വളരാൻ.
സർവ്വജന എന്ന പേര് എന്നും നിലനിൽക്കണം. ലോകത്ത് തന്നെ ഏറ്റവും നല്ല സ്‌കൂളായി ഇതിന് മാറാൻ കഴിയും. അതിന് നിങ്ങളുടെ ഒരോരുത്തരുടെയും പ്രയത്നമാണ് വേണ്ടതെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഊഷ്മളമാകുമ്പോഴാണ് വിദ്യാർത്ഥികളുടെ കഴിവ് വികസിക്കുക.
അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഒരുപോലെ രസിപ്പിച്ച രണ്ട് ജാലവിദ്യകൾ കാണിച്ചാണ് വിദ്യാർത്ഥികളെയും അദ്ധ്യാപരെയും ഒന്നിച്ച് നിർത്തിയത്.
ഷഹലയുടെ മരണം എല്ലാവരെയും വേദനിപ്പിക്കുന്നതാണ് . അതിന്റെ പേരിൽ ഇനിയും അഭിപ്രായപ്രകടനങ്ങൾ നടത്തുന്നത് ശരിയല്ല. അദ്ധ്യാപകരുടെയും വിദ്യാർഥികളുടെയും മാനസിക പിരിമുറുക്കം ഇല്ലാതാക്കി അവരെ സന്തോഷിപ്പിക്കുന്നതിന് വേണ്ടി തന്നോടൊപ്പം ഉറക്കെ കൂകിവിളിക്കാൻ പറഞ്ഞ് എല്ലാവരെയും ഒപ്പം പങ്കാളികളാക്കിയാണ് ഇനിയും വരുമെന്ന് പറഞ്ഞു മുതുകാട് നിർത്തിയത്.
നഗരസഭ ചെയർമാൻ ടി.എൽ.സാബു, ഡി.ഇ.ഒ ഹണി ജി.അലക്സാണ്ടർ, പ്രിൻസിപ്പൽ ഇൻ ചാർജ് കെ.പി.ശുഭാങ്ക, ഹെഡ്മാസ്റ്റർ ഇൻചാർജ് വി.എൻ.ഷാജി, സെന്റ് ജോസഫ് സ്‌കൂൾ പ്രിൻസിപ്പൽ ജോർജ് കാലായി എന്നിവർ സംസാരിച്ചു.