നാദാപുരം: ഒളിച്ചോടി വിവാഹിതരായ കമിതാക്കളെ ചൊല്ലി നാദാപുരം കോടതി പരിസരത്ത് സംഘർഷം. വാക്കേറ്റം മൂത്ത് ഏറ്റുമുട്ടലിലേക്ക് നീങ്ങിയപ്പോഴേക്കും നാദാപുരം എസ്.ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് ഇരു കൂട്ടരെയും വിരട്ടി ഓടിച്ചു.

ഇന്നലെ ഉച്ചയോടെ കല്ലാച്ചിയിലെ കോടതി റോഡിലാണ് സംഭവം. പുറമേരി സ്വദേശിനി യുവതി തൂണേരി ബാലവാടി പരിസരത്തെ യുവാവിനൊപ്പം കഴിഞ്ഞ വ്യാഴാഴ്ച സ്ഥലംവിടുകയായിരുന്നു. യുവതിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പൊലീസ് കമിതാക്കളോട് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ഇരുവരും വിവാഹിതരായ ശേഷം നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സംഭവമറിഞ്ഞ് യുവതിയുടെയും യുവാവിന്റെയും ബന്ധുക്കളും സ്റ്റേഷനിലെത്തി. പൊലീസ് ഇരുവരെയും നാദാപുരം കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാമെന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടതിന് പിന്നാലെ യുവതിയോട് സംസാരിക്കാൻ രക്ഷിതാക്കൾക്ക് അനുവാദം നൽകിയിരുന്നു. യുവതി രക്ഷിതാക്കൾക്കൊപ്പം പോകാതെ യുവാവിനൊപ്പം പോകുകയായിരുന്നു. യുവതി യുവാവിനോടൊപ്പം കാറിൽ കയറിയതോടെയായിരുന്നു ഇരുപക്ഷ

ക്കാരും തമ്മിലുള്ള സംഘർഷം.