gokulam-fc
GOKULAM FC

കോഴിക്കോട്: ആർത്തിരമ്പിയ ആരാധകർക്ക് മുന്നിൽ ഗോകുലം കേരള എഫ്.സി ഐ. ലീഗിൽ വിജയത്തോടെ തുടങ്ങി.

ഇന്നലെ കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കരുത്തരായ നെരോക്ക എഫ്.സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് മലബാറിയൻസ് വരവറിയിച്ചത്. വിജയത്തോടെ ഗോകുലം പോയൻറ് പട്ടികയിൽ ഒന്നാമതായി.

ഗോകുലത്തിനായി ഹെൻറി കസേക്ക, മാർക്കസ് ജോസഫ്

എന്നിവർ ഗോളുകൾ നേടി. ട്രിനിഡാഡ് താരം ടാറിക് സാംപ്സൺ നെരോക്കയുടെ ആശ്വാസ ഗോൾ നേടി.

43 ആം മിനിട്ടിൽ പ്രതിരോധ നിരയിൽ നിന്ന് വന്ന ലോംഗ് ബോൾ കൃത്യമായി കണക്ട് ചെയ്ത കിസേക്ക പെനാൾട്ടി ബോക്സിൽ നിന്ന് മികച്ച ഷോട്ടിലൂടെ നെരോക്ക ഗോളി മാർവിൻ ഫിലിപ്പിനെ കീഴടക്കി ഐ ലീഗിലെ ആദ്യ ഗോൾ സ്വന്തമാക്കി. രണ്ടാപകുതിയിലും ആക്രമണം തുടർന്ന ഗോകുലത്തിനായി 49ാം മിനിട്ടിൽ ക്യാപ്ടൻ മർക്കസ് ജോസഫ് വല കുലുക്കി. സെബാസ്റ്റ്യൻ താങ്ങ്മുൻസാങ്ങിന്റെ അളന്നു മുറിച്ച ക്രോസ് മാർക്കസ് ഗേളിലേക്ക് തിരിച്ചുവിട്ടു.

88 ആം മിനിട്ടിൽ ബൈസിക്കിൾ കിക്കിലൂടെയാണ് നെരോക്കയുടെ പ്രതിരോധ നിര താരം സാംപ്സൺ ഗോകുലത്തിന്റെ വല കുലുക്കിയത്.

ക്യാപ്ടൻ മാർക്കസ് ജോസഫിന്റെ നേതൃത്വത്തിൽ നെരോക്ക ഗോൾ മുഖത്തേക്ക് നിരന്തര ആക്രമണമാണ് ഗോകുലം അഴിച്ചുവിട്ടത്. മാർക്കസ് ജോസഫ് - ഹെൻട്രി കിസേക്ക കൂട്ടുകെട്ട് നെരോക്ക പ്രതിരോധത്തെ മത്സരത്തിലുടനീളം വെല്ലുവിളിച്ചു. നഥാനിയേൽ ഗാർഷ്യയും മുന്നേറ്റ നിരയ്ക്ക് കരുത്തായി. മുഹമ്മദ് റാഷിദ് , മുഹമ്മദ് ഇർഷാാദ്, ജസ്റ്റിൻ ജോർജ് എന്നീ മലയാളി താരങ്ങൾ മിഡ്്ഫീൽഡ് നിയന്ത്രിച്ചു.

4.3.3 ശൈലിയിൽ അക്രമണ ഫുട്ബാളാണ് ഗോകുലം കളിച്ചത്.

പ്രതിരോധത്തിലും കരുത്തുകാട്ടിയ ഗോകുലം അനായാസമായാണ് നെരോക്കയുടെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്. അഫ്ഗാൻ താരം ഹാരൂൺ അമിരിയും ആന്ദ്രെ എഥിയാനോയും മികച്ച പ്രകടനം പുറത്തെടുത്തു. ഇരു വിംഗുകളിലൂടെയും സെബാസ്റ്റ്യനും നാച്ചോ സിംഗും കുതിച്ചു. ആദ്യത്തെ പത്ത് മിനിട്ടിൽ മാത്രമാണ് നെരോക്കയ്ക്ക് ഗോകുലത്തിന് വെല്ലുവിളി ഉയർത്താനായത്. നിരവധി ഗോൾ അവസരങ്ങളാണ് ഗോകുലം സൃഷ്ടിച്ചത്.

കിരീട സാദ്ധ്യത കൽപിക്കപ്പെടുന്ന ടീമാണെന്ന വിശേഷണം അരക്കെട്ടുറപ്പിക്കുന്നതായിരുന്നു ഗോകുലത്തിന്റെ പ്രകടനം. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്തായിരുന്നു ഗോകുലം ഫിനിഷ് ചെയ്തിരുന്നത്. നെരോക്ക ആറാമതായിരുന്നു.

@ അടുത്ത കളി ഇന്ത്യൻ ആരോസിനെതിരെ

തുടർച്ചയായി മൂന്ന് എവേ മത്സരങ്ങളാണ് ഇനി മലബാറിയൻസിന് കളിക്കേണ്ടത്. ആറിന് ഇന്ത്യൻ ആരോസിനെതിരെയാണ് ആടുത്ത കളി. തുടർന്ന് 12ന് റിയൽ കാശ്മീരിനെയും 16ന് മോഹൻ ബാഗാനെയും അവരുടെ നാട്ടിൽ നേരിടും. ജനുവരി 4ന് ഐസ്വാൾ എഫ്.സിയ്ക്കെതിരെ കോഴിക്കോട്ട് ഗോകുലം വീണ്ടും ബൂട്ടുകെട്ടും.

@ മിന്നിത്തിളങ്ങി മാർക്കസ്

നിറഞ്ഞു കളിച്ച മാർക്കസ് ജോസഫ് ആണ് കളിയിലെ താരം ഒരു ഗോൾ അടിച്ച മാർക്കസ് നെരോക്ക ഗോൾ മുഖം നിരന്തരം ആക്രമിച്ചു.

@ സുന്ദര ദൃശ്യം

ഏറെ കാലത്തിന് ശേഷം നിറഞ്ഞ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ ഗാലറിയും ആർത്തിരമ്പിയ ഗാലറിയും ഇന്നലെയെ അഘോഷത്തിമിർപ്പിലാക്കി. ഫ്ലാഷ് ലൈറ്റുകൾ കൊണ്ട് ആരാധകർ മലബാറിയൻസിന്റെ മികച്ച പ്രകടനത്തിന് നന്ദി അറിയിച്ചു.