കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഡിസംബറോടെ ഐ.എസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു.

മാവൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്പാദന മേഖലയിലും നൂതനസംരംഭങ്ങള്‍ ആരംഭിക്കുന്നതിലും മാലിന്യസംസ്‌കരണ രംഗത്തുമെല്ലാം തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ഫലപ്രദമായ ഇടപെടലുണ്ടാവുന്നുണ്ട്. പ്രാദേശിക സര്‍ക്കാരുകൾ എന്ന നിലയിൽ ഗ്രാമപഞ്ചായത്തുകള്‍ വലിയ ചുമതലകളാണ് നിര്‍വഹിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനിടയ്ക്ക് കാര്യമായ സാമ്പത്തിക പ്രയാസമുണ്ടായിട്ടുണ്ട്. പ്രധാന കാരണം കഴിഞ്ഞ രണ്ടു മാസത്തെ ജി എസ് ടി വിഹിതം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയില്ലെന്നതു തന്നെ.

പി ടി എ റഹിം എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജനപ്രതിനിധികളെ എം കെ രാഘവൻ എം.പി ആദരിച്ചു. ഐ എസ് ഒ പ്രഖ്യാപനം പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ നിര്‍വഹിച്ചു. എം പി മാരായ ഇ ടി മുഹമ്മദ് ബഷീര്‍, രമ്യ ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ രംഗങ്ങളിലെ പ്രതിഭകള്‍ക്കുള്ള ഉപഹാരങ്ങള്‍ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വാസന്തി വിജയന്‍, കെ ഉസ്മാന്‍, കവിതാഭായ് എന്നിവര്‍ സമ്മാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രയില്‍, പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് വൈ വി ശാന്ത, മുന്‍ എം എല്‍ എ യു സി രാമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ എം അപ്പുക്കുഞ്ഞന്‍, സുഷമ തുടങ്ങിയവര്‍ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി മുനീരത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ് നന്ദിയും പറഞ്ഞു.