കോർപ്പറേഷൻ തട്ടിയെടുത്തെന്ന് അലക്കുകാർ
സമരം തുടങ്ങാൻ തീരുമാനം
കോഴിക്കോട്: മുതലക്കുളം മൈതാനത്തെ ന്യൂജൻ ആക്കാനുള്ള കോർപ്പറേഷൻ കൗൺസിൽ തീരുമാനത്തിൽ വിവാദം. ബ്രിട്ടീഷ് സർക്കാർ അലക്ക് തൊഴിലാളികൾക്ക് അനുവദിച്ച മുതലക്കുളം മൈതാനി ഇപ്പോൾ കോർപ്പറേഷൻ സ്വന്തമാക്കിയിരിക്കുകയാണെന്ന് അലക്ക് തൊഴിലാളികൾ ആരോപിച്ചു. അലക്ക് തൊഴിലാളികളുടെ തൊഴിലിടമായി ധോബിഖാന എന്ന് പേരിട്ട് 1.25 ഏക്കർ ഭൂമി റവന്യു രേഖകളിൽ ഉൾക്കൊള്ളിച്ചാണ് ബ്രിട്ടീഷ് കാർ വണ്ണാൻ സമുദായത്തിന് അനുവദിച്ചത്. അലക്ക് തൊഴിലാളുകളുടെ സമ്മതമില്ലാതെ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും നിഷ്കർഷിച്ചിരുന്നു.
എന്നാൽ ഇവരുടെ സമ്മതമില്ലാതെ പല ആവശ്യങ്ങൾക്കും പല കാലങ്ങളിലായി കോർപ്പറേഷനും ചില വ്യക്തികളും മുറിച്ചെടുത്ത് ഇപ്പോൾ 90 സെന്റായി ചുരുങ്ങി. ഇപ്പോൾ ഈ സ്ഥലവും സ്വന്തമാക്കി പാർക്കിംഗ് പ്ളാസയും ടോയ്‌ലറ്റുകളും പൊതുയോഗ വേദിയും നിർമ്മിക്കാനുള്ള കോഴിക്കോട് കോർപ്പറേഷന്റെ തീരുമാനം അംഗീകരിക്കാനാവില്ല.
അലക്കിയ തുണികൾ ഉണങ്ങിക്കഴിഞ്ഞ് എടുത്തുമാറ്റുന്നതോടെ വിജനമായ മൈതാനത്ത് സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ പൊതുയോഗങ്ങൾ ചേരുന്ന പതിവ് ഉണ്ടായിരുന്നു. പിന്നീട് ഇവിടെ സ്റ്റേജ് നിർമ്മിച്ച് വാടക വാങ്ങിക്കൊണ്ടാണ് കോർപ്പറേഷൻ പരിമിതമായ അധികാരം പ്രയോഗിച്ച് തുടങ്ങിയത്. അലക്ക് തൊഴിലാളികൾക്ക് പ്രശ്നം ഇല്ലാതിരുന്നത്കൊണ്ട് എതിർപ്പും പ്രകടിപ്പിച്ചിരുന്നില്ല. 2007 മുതലാണ് കോർപ്പറേഷൻ രേഖകളിൽ മുതലക്കുളം കോർപ്പറേഷൻ സ്വത്തായി മാറിയതെന്ന് പഴയകാല അലക്ക് തൊഴിലാളിയായ ജി രാജൻ പറഞ്ഞു. ഞങ്ങളുടെ തൊഴിലിടം കയ്യേറിയാൽ മരിക്കാൻ വരെ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. ഇതല്ലാതെ ഞങ്ങൾക്ക് മറ്റ് മാർഗമില്ല.
തലമുറകളായി ജോലി ചെയ്യുന്ന സ്ഥലം കയ്യേറാൻ ആരെയും അനുവദിക്കില്ലെന്ന് അലക്ക് തൊഴിലാളികൾ മുന്നറിയിപ്പ് നൽകി. ഇത് ഞങ്ങൾക്ക് മാത്രം അവകാശമുള്ള സ്ഥലമാണ്.
കോർപ്പറേഷന്റെ നീക്കത്തിനെതിരെ അസംഘടിത തൊഴിലാളി യൂണിയൻ (കേരള )യുടെ നേതൃത്വത്തിൽ മറ്റ് തൊഴിലാളികളെയും ദളിത് സംഘടനകളുടയും നേതൃത്വത്തിൽ സമരം ആരംഭിക്കാനാണ് തീരുമാനം. കോർപ്പറേഷൻ തീരുമാനം പിൻവലിക്കും വരെ സമരം തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.