കുന്ദമംഗലം: വിദ്യാഭ്യാസ രംഗത്ത് ചെലവഴിക്കുന്നത് ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. പടനിലം എല്‍പി സ്‌കൂളിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏത് സ്‌കൂളായാലും നാടിന്റെ ശ്രദ്ധയുണ്ടാകണം. ഏവര്‍ക്കും ദുഖമുണ്ടാക്കിയ സംഭവമാണ് സുല്‍ത്താന്‍ബത്തേരിയിലുണ്ടായത്. സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഇതില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ പൊതുവിദ്യാല സംരക്ഷണ യജ്ഞം ഉണ്ടാക്കിയ നേട്ടം തമസ്‌കരിക്കാന്‍ ഇടവരരുത്. പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്തുണ്ടായ ഗുണപരമായ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഈ ഒരു സംഭവത്തോടെ ചിലരുടെ ഭാഗത്തു നിന്നുണ്ടായി. പി ടി എ റഹിം എംഎല്‍എ പ്രത്യേക താല്‍പ്പര്യമെടുത്ത് അനുവദിച്ച 87 ലക്ഷം ഉപയോഗിച്ചാണ് ആറ് ക്ലാസ് മുറികള്‍ അടങ്ങിയ ഹൈടെക് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള 12 സെന്റ് സ്ഥലം കുന്ദമംഗലം പഞ്ചായത്തും നാട്ടുകാരും ചേര്‍ന്നാണ് വാങ്ങി നല്‍കിയത്. ഉദ്ഘാടന ചടങ്ങില്‍ പി ടി എ റഹിം എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാല സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പടനിലം സ്‌കൂളിന്റെ വികസന പ്രവൃത്തികള്‍ക്ക് 50 ലക്ഷം രൂപയുടെ കൂടി ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഉത്തരവ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എം.എല്‍.എ വേദിയില്‍ വെച്ച് കൈമാറി. പഞ്ചായത്ത്തല പദ്ധതി സമര്‍പ്പണം എം കെ രാഘവന്‍ എംപി നിര്‍വഹിച്ചു. സ്‌കൂളിന് നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വിവിധ സ്ഥാപനങ്ങള്‍ എന്നിവര്‍ നല്‍കിയ ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി ഏറ്റുവാങ്ങി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍, മുന്‍ എംഎല്‍എ യു സി രാമന്‍, കുന്ദമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, കെ പി കോയ, ആഷിഫ റഷീദ്, ടി കെ ഹിതേഷ്‌കുമാര്‍, ടി കെ സൗദ, ബ്ലോക്ക് പഞ്ചായത്ത് അംഗം യു സി ബുഷ്‌റ, കോഴിക്കോട് ഡിഡിഇ വി.പി മിനി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് പടനിലം, പി പവിത്രന്‍, ടി കെ സീനത്ത്, ഷമീന വെള്ളക്കാട്ട്, ഷൈജ വളപ്പില്‍, എ കെ ഷൗക്കത്ത്, പ്രധാനധ്യാപകന്‍ സി കെ സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.