സ്റ്റോപ്പ് മെമ്മോ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന്

കൽപ്പറ്റ: ജില്ലയിലെ പ്രധാന വിനോദകേന്ദ്രമായ ബാണാസുര സാഗറിലേക്ക് ഏറെ സഞ്ചാരികൾ എത്തുന്ന കൽപ്പറ്റ വാരാമ്പറ്റ റോഡ് നിർമ്മാണത്തിലെ അനിശ്ചിതാവസ്ഥ നീക്കണമെന്ന് ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. കിഫ്ബി പദ്ധതിയിൽപ്പെടുത്തി നിർമ്മാണം തുടങ്ങിയെങ്കിലും പല കാരണങ്ങളാലുളള കാലതാമസം റോഡ് പണിയെ അനിശ്ചിതത്തിലാക്കുകയാണ്. കിഫ്ബി റോഡ് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നൽകിയെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് വിഷയം വികസന സമിതി ചർച്ച ചെയ്തത്.

എന്നാൽ ഇത് സംബന്ധിച്ച് കിഫ്ബിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ യോഗത്തെ അറിയിച്ചു. സ്റ്റോപ്‌മെമ്മോ നൽകിയുണ്ടെങ്കിൽ അത് നീക്കം ചെയ്യാനുളള അടിയന്തര നടപടികൾ സ്വീകരിക്കാൻ സി.കെ. ശശീന്ദ്രൻ എം.എൽ.എ നിർദ്ദേശിച്ചു.

വാർഷിക പദ്ധതി നിർവഹണത്തിൽ അനാവശ്യ കാലതാമസം വരുത്തരുതെന്നും വികസന സമിതി തീരുമാനങ്ങളിൽ സമയബന്ധിതവും കാര്യക്ഷമവുമായ നടപടി ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാവണമെന്നും ജില്ലാ കളക്ടർ ഡോ. അദില അബ്ദുള്ള നിർദ്ദേശിച്ചു.

ജില്ലയിലെ അപകടസാധ്യതയുള്ള റോഡുകൾ പരിശോധിച്ച് സ്പീഡ് ബ്രേക്കറുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കുന്നതിനും സുരക്ഷയ്ക്കാവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗം അധികൃതരോട് ആവശ്യപ്പെട്ടു.

ബേഗൂർ തിരുനെല്ലി റോഡിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്ന വിഷയത്തിൽ ഡിസംബർ 7 നകം സർവ്വേ നടപടികൾ പൂർത്തീകരിച്ച് വനഭൂമി വിട്ട് കിട്ടാൻ വനംവകുപ്പിന് അപേക്ഷ സമർപ്പിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിച്ചു. ജില്ലയിലെ എല്ലാ താലൂക്കിലെയും സർവ്വേ പ്രവർത്തികൾ പൂർത്തീകരിക്കുന്നതിനായി സർവ്വേയർമാരുടെ സേവനം ലഭ്യമാക്കുന്നതിന് സർവ്വേ ഡെപ്യൂട്ടി ഡയറക്ടടർക്ക് നിർദ്ദേശം നൽകി.

മാനന്തവാടി നഗരസഭയിലെ കണിയാരം വിസിബിയുടെ കനാൽ ഭൂമി കയ്യേറ്റം സംബന്ധിച്ച വിഷയത്തിൽ പ്രവൃത്തി പൂർത്തീകരിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് യോഗത്തിൽ നിർദ്ദേശം നൽകി.

നല്ലൂർനാട് എം.ആർ.എസ് ഹോസ്റ്റൽ കെട്ടിടം പണി പൂർത്തീകരിച്ചതിനു ശേഷം പ്രവർത്തന സജ്ജമാക്കാത്തത് സംബന്ധിച്ച് ട്രൈബൽ ഡെവലപ്പ്‌മെന്റ് ഓഫീസറോട് വിശദീകരണം തേടി.

പ്രളയ ദുരന്തത്തിൽപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി സൗജന്യമായി ഭൂമി വിട്ട് നൽകിയ കൊടുവള്ളി വെണ്ണക്കാട് ഒറ്റംകണ്ടത്തിൽ അബ്ദുൾ സത്താർ, അമ്പലവയൽ മാങ്കൊമ്പിൽ മുജിബ് റഹ്മാൻ എന്നിവരെ എ.പി.ജെ ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗം അനുമോദിച്ചു. അബ്ദുൾ സത്താർ ചുണ്ടെൽ വില്ലേജിൽ ഒരേക്കർ ഭൂമിയും മുജിബ് റഹ്മാൻ അമ്പലവയലിൽ ടൗണിനോട് ചേർന്ന ഇരുപത് സെന്റ് ഭൂമിയുമാണ് ജില്ലാ ഭരണകൂടത്തിന് വിട്ട് നൽകാൻ തയ്യാറായത്. ഭൂമിയുടെ രേഖകൾ ഇരുവരും യോഗത്തിൽ കൈമാറി.

(ചിത്രം)