മാനന്തവാടി: പഴശ്ശിരാജയുടെ ഇരുന്നൂറ്റിപ്പതിനഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ചു സംസ്ഥാന പുരാവസ്തു വകുപ്പിന്റെയും ജില്ലാഭരണകൂടത്തിന്റെയും മാനന്തവാടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ പഴശ്ശി ദിനാചരണവും ചരിത്രസെമിനാറും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനവും ചരിത്രസെമിനാറും ഒ.ആർ. കേളു എം.എൽ. എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയർമാൻ വി.ആർ. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു.

മാനന്തവാടി ഡി. എഫ്. ഒ. ഓഫീസിൽ നിന്ന് പഴശ്ശികുടിരത്തിലേക്ക് സ്മൃതിയാത്ര നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ബാബു, പുരാവസ്തു വകുപ്പ് ഡയറക്ടർ കെ.ആർ.സോന, മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ശോഭ രാജൻ, പുരാവസ്തു വകുപ്പ് റിസർച്ച് അസിസ്റ്റന്റ് കെ.പി.സധു, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.ടി.ബിജു എന്നിവർ പങ്കെടുത്തു.

'സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളും പഴശ്ശിരാജയും ' എന്ന വിഷയത്തിൽ ചരിത്രകാരൻ ഡോ:കെ.സി. വിജയരാഘവൻ, 'ചെറുത്ത് നിൽപ്പ് സമരങ്ങളുടെ വർത്തമാനം' എന്ന വിഷയത്തിൽ ചരിത്രവിഭാഗം പ്രൊഫസർ ഡോ:കെ.എം.ജയശ്രീ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ചരിത്ര സെമിനാറുകൾ, ക്വിസ് മത്സരം, കലാകായിക മത്സരങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സി.കെ. ശിവദാസനും സംഘവും അവതരിപ്പിച്ച തീയാട്ട് കലാവിഷ്‌കരണത്തോടെയാണ് ഒരാഴ്ച നീണ്ട പഴശ്ശി ദിനാചരണത്തിനു തിരശ്ശീല വീണത്.