മാനന്തവാടി: റോഡിൽ പാലിക്കേണ്ട നിയമങ്ങളെ കുറിച്ചും റോഡ് സുരക്ഷയെ കുറിച്ചും വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാൻ ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് അനുവദിച്ച 33 ലക്ഷം രൂപ ഉപയോഗിച്ച് മാനന്തവാടി ഹയർസെക്കൻഡറി സ്‌കൂൾ കോമ്പൗണ്ടിൽ ആരംഭിച്ച ട്രാഫിക് പാർക്ക് ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോ‌ക്‌നാഥ് ബെഹ്റ വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.

സംസ്ഥാനത്ത് അനുവദിച്ച് മൂന്ന് പാർക്കുകളിൽ ഒന്നാണ് മാനന്തവാടിയിലേത്. ട്രാഫിക് പാർക്കിൽ വിദ്യാർത്ഥികളെ ബോധവത്ക്കരിക്കാനായി ഒരു സബ്ബ് ഇൻസ്‌പെക്ടറെ പ്രത്യേകം ചുമതലപ്പെടുത്തണമെന്ന് പൊലീസ് മേധാവി നിർദ്ദേശിച്ചു. കൂടാതെ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലേയും കുട്ടികൾക്ക് ഒരു മാസത്തേക്ക് ട്രാഫിക് നിയമ ബോധവത്കരണം നൽകണമെന്നും, അതിനായി വാഹനസൗകര്യം ഏർപ്പെടുത്താമെന്നും അദ്ദേഹം പറഞ്ഞു.

വയനാട് അഡി.എസ്.പി മൊയ്ദീൻകുട്ടി, മാനന്തവാടി എഎസ്‌പി വൈഭവ് സക്‌സേന, നാർക്കോട്ടിക് ഡിവൈഎസ്‌പി റെജികുമാർ, എസ്എംഎസ് ഡിവൈഎസ്‌പി കുബേരൻ നമ്പൂതിരി, മുനിസിപ്പൽ ചെയർപേഴ്സൺ വിആർ പ്രവീജ്, കൗൺസിലർമാർ, എസ്.പി.സി, എൻ.സി.സി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

മാതൃകാ ടാറിംഗ് റോഡും, റോഡിൽ സീബ്രാലൈനുകളുൾപ്പെടെ വിവിധ അടയാളങ്ങൾ രേഖപ്പെടുത്തി രൂപകൽപ്പന ചെയ്തതാണ് പാർക്ക്.
വാഹനപ്പെരുപ്പത്തിനൊപ്പം കേരളത്തിലെ നിരത്തുകളിൽ അപകടങ്ങളും പെരുകി വരുന്ന സാഹചര്യത്തിലാണ് ട്രാഫിക്ക് പാർക്ക് പ്രവർത്തനസജ്ജമാക്കിയിരുന്നത്.
വാഹനമോടിക്കുന്നവരും യാത്രക്കാരും അനുസരിക്കേണ്ട ഗതാഗത നിയമങ്ങളേക്കുറിച്ച് കണ്ടും കേട്ടും പഠിക്കുകയെന്നതാണ് ട്രാഫിക് പാർക്കുകൊണ്ട് ലക്ഷ്യമിടുന്നത്. കണ്ണൂരിലും പാലക്കാടും പാർക്കുകൾ പ്രവർത്തിച്ചുവരുന്നുണ്ട്.