തിരുവമ്പാടി: തിരുവമ്പാടി ഗവ. ഐ ടി ഐ യൂണിയൻ തിരഞ്ഞെടുപ്പ് മാറ്റിവച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എസ്.എഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വെള്ളിയാഴ്ച ആരംഭിച്ച സമരം ഇന്നലെയും തുടർന്നു. ഭരണസ്വാധീനമുപയോഗിച്ച് തിരഞ്ഞെടുപ്പ് മാറ്റിയതിനു പിന്നിൽ എസ്.എഫ്.ഐ ആണെന്ന് യു.ഡി.എസ്.എഫ് നേതാക്കൾ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നതുവരെ സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് 80 വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം ഐ ടി ഐ ഡയറക്ടർക്കും അഡിഷണൽ ഡയറക്ടർക്കും കണ്ണൂർ റീജിയനൽ ഡയറക്ടർക്കും തിരഞ്ഞെടുപ്പു ചുമതലയുള്ള ഡെപ്യുട്ടി ഡയറക്ടർ മനീഷ് പ്രസാദിനും നൽകിയിട്ടുണ്ടെന്ന് യു.ഡി.എസ്.എഫ് ചെയർമാൻ റഹീസ് അലി പറഞ്ഞു.128 വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്. മത്സരാർത്ഥികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചതിൽ ആക്ഷേപമുന്നയിച്ച് എസ് എഫ് ഐ പഠിപ്പുമുടക്കും മാർച്ചും നടത്തിയതോടെ പൊലീസിന്റെ ഇടപെടലുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് നടത്തിയാൽ സംഘർഷമുണ്ടാവുമെന്ന റിപ്പോർട്ട് പരിഗണിച്ച് പിന്നീട് തിരഞ്ഞെടുപ്പ് മാറ്റുകയാണുണ്ടായത്.
ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കെ.അഭിജിത്തിന്റെ നാമനിർദേശപത്രിക സ്വീകരിച്ചത് ക്രമപ്രകാരമല്ലെന്നിരിക്കെ, അത് തള്ളണമെന്നുമാവശ്യപ്പെട്ടാണ് എസ് എഫ് ഐ കഴിഞ്ഞ തിങ്കളാഴ്ച സമരം തുടങ്ങിയത്. യു.ഡി.എസ്.എഫ് പിന്തുണയിൽ മത്സരിക്കുന്ന അഭിജിത് മുൻ എസ് എഫ് ഐ പ്രവർത്തകനാണ്. തിരഞ്ഞെുടുപ്പു മാറ്റിയതായി അറിയിപ്പുണ്ടായത് വ്യാഴാഴ്ചയായിരുന്നു. തുടർന്ന് വെള്ളിയാഴ്ച യു.ഡി.എസ്.എഫ് സമരം തുടങ്ങി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബോസ് ജേക്കബാണ് ആദ്യദിവസം സമരം ഉദ്ഘാടനം ചെയ്തത്. രണ്ടാം ദിവസം ജില്ലാ കോൺസ് കമ്മിറ്റി സെക്രട്ടറി ബാബു പൈക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. അഭിജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഹനീഫ ആച്ചപ്പറമ്പിൽ, വിഷ്ണു കയ്യൂണമ്മൽ, റഹീസ്, ലിബിൻ മണ്ണംപ്ലാക്കൽ, സുബിൻ കുര്യൻ, ജിതിൻ പല്ലാട്ട്, അർജുൻ ബോസ്, രഞ്ജിത്ത്, യു സി അജ്മൽ എന്നിവർ സംസാരിച്ചു.