വടകര: ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി.ജലീലിന് നേരെ വടകരയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതൃത്വത്തിൽ കരിങ്കൊടി പ്രതിഷേധം. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. വടകര പുതിയ സ്റ്റാൻഡിന് അടുത്തുകൂടി മന്ത്രി മോഡൽ പോളിയിലേക്ക് പോകുന്നതിനിടെ പ്രക്ഷോഭകർ വാഹനം തടഞ്ഞ് കരിങ്കൊടി കാണിക്കുയായിരുന്നു. പത്തു മിനുട്ടോളം മന്ത്രിയുടെ വാഹനം വഴിയിൽ കുടുങ്ങി. നേതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനു നേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു കരിങ്കൊടി. വി.പി.ദുൽക്കിഫിൽ, വി.ടി.സൂരജ്, ശ്രീനാഥ് വടകര, സുബിൻ മടപ്പള്ളി, അജ്നാസ് വടകര, എകെ.ജാനിബ്, അഖിൽ നന്ദാനത്ത്, ദിൽരാജ്, ബിബിൽ കല്ലട എന്നിവർ നേതൃത്വം നൽകി.
അറസ്റ്റിലായ പ്രവർത്തകരെ കെ.മുരളീധരൻ എം.പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, പുറന്തോടത്ത് സുകുമാരൻ, അഡ്വ.പി.ടി.കെ.നജ്മൽ, കാവിൽ രാധാകൃഷ്ണൻ, സുധീർകുമാർ, അനൂപ് വില്ലാപ്പള്ളി, അച്ചുതൻ പുതിയടുത്ത്, സതീശൻ കുരിയാടി, സജീവൻ കടോട്ടി, മഹിളാ കോൺഗ്രസ് നേതാക്കളായ സന്ധ്യ, ഷീബ എന്നിവർ സ്റ്റേഷനിൽ സന്ദർശിച്ചു.