യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതം
യു.ഡി.എഫ് കൗൺസിലർമാർ രാജിവയ്ക്കണം: നഗരസഭാ ചെയർമാൻ
സുൽത്താൻ ബത്തേരി: സർവ്വജന സ്‌കൂൾ വിദ്യാർത്ഥി ഷഹല ഷെറിന്റെ മരണത്തെ സംബന്ധിച്ച് രാഷ്ട്രീയ ആരോപണങ്ങൾ ശക്തമാവുന്നു. കുട്ടിയുടെ മരണത്തിന് ഉത്തരവാദിത്ത്വം നഗരസഭയ്ക്കാണെന്നും നഗരസഭാ ചെയർമാൻ സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് ഇന്നലെ ധർണ്ണ നടത്തി. ഭരണപക്ഷത്തെ കുറ്റപ്പെടുത്തി പ്രതിപക്ഷാംഗമായ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.
അതേസമയം, ആരോഗ്യവകുപ്പും സർക്കാരുമാണ് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തി ബി.ജെ.പി ബത്തേരി താലൂക്ക് ആശുപത്രിക്കുമുന്നിൽ നിരാഹാര സമരത്തിനൊരുങ്ങുകയാണ്.
എന്നാൽ ബത്തേരി നഗരസഭയ്ക്കെതിരെ യു.ഡി.എഫ് നടത്തുന്ന സമരങ്ങളും ആരോപണവും രാഷ്ട്രീയപ്രേരിതമാണെന്ന് നഗരസഭാ ചെയർമാൻ ടി എൽ സാബു. സർവ്വജന സ്‌കൂൾ വിദ്യാർത്ഥിയായ ഷഹല ഷെറിന്റെ മരണത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് മരണപ്പെട്ട കുട്ടിയുടെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകുന്നത് നഗരസഭാ ചെയർമാൻ അല്ല ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണന്ന് നഗരസഭ ചെയർമാൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സ്‌കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയത് എട്ട് മാസം മുമ്പാണ്. അന്ന് കെട്ടിടത്തിന്റെ തറയിൽ കേടുപാടുകൾ ഉണ്ടായിരുന്നില്ല. മാളം രൂപപ്പെട്ടത് പിന്നീടാണ് സ്‌കൂളിലെ അപ്പപ്പോൾ ഉണ്ടാവുന്ന ആവശ്യങ്ങൾ യഥാസമയങ്ങളിൽ നഗരസഭയെ അറിയിക്കേണ്ടത് ഡിവിഷൻ കൗൺസിലറായ ഷിഫാനത്തും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയുമാണ്.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളും യു ഡി എഫ് പ്രതിനിധികളാണ്. സ്‌കൂളുകളിലെ ക്ഷേമപ്രവർത്തനങ്ങളിൽ അവർ വീഴ്ച്ചവരുത്തിയതാണ് ഈ ദുരന്തത്തിന് കാരണം. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ രാജി കുറ്റബോധംകൊണ്ടാണ്.
സംഭവത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഡിവിഷൻ കൗൺസിലർ ഷിഫാനത്തും, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളായ മുഴുവൻ യു.ഡി.എഫ് കൗൺസിലർമാരും, രാജിവെക്കണമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.
സുൽത്താൻ ബത്തേരി നഗരസഭ നടത്തുന്ന വികസന പ്രവർത്തനങ്ങളിലും, ജനോപകാരപ്രതമായ കാര്യങ്ങളിലും വിറളിപൂണ്ടവരാണ് ദുരാരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഈ ആരോപണങ്ങൾ ജനങ്ങൾ പുച്ഛിച്ച്തള്ളുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു.