സുൽത്താൻ ബത്തേരി: ബത്തേരി സർവ്വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറീൻ പാമ്പ് കടിയേറ്റ് മരിക്കാൻ ഇടയായതിന് ഉത്തരവാദികൾ ആരോഗ്യ വകുപ്പും സംസ്ഥാന സർക്കാരുമാണന്ന് ബി.ജെ.പി ബത്തേരി നിയോജക മണ്ഡലം കമ്മറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയ നഗരസഭയും കുട്ടിയെ സ്‌കൂളിൽ നിന്ന് ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ച സ്‌കൂൾ അധികൃതരും കുറ്റക്കാരാണെങ്കിലും ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കൊണ്ട് മാത്രമാണ് ഷഹലയുടെ ജീവൻ നഷ്ടപ്പെടാൻ ഇടയായത്. കൃത്യമായ അളവിൽ ആന്റിവെനം ഇല്ലാത്തതും, വെന്റിലേറ്ററിന്റെ കുറവും ഡോക്ടറുടെ ഇഛാശക്തിയില്ലായ്മയും കുട്ടിയുടെ മരണത്തിന് കാരണമായി. താലൂക്ക് ഹെഡ് ക്വർട്ടേഴ്സ് ആശുപത്രിയായിട്ടും ഒരു സൗകര്യവും ഇല്ല. ആശുപത്രിക്ക് മേൽനോട്ടം വഹിക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ പിടിപ്പുകേടും ദാരുണ സംഭവത്തിന് കാരണമായി.
രണ്ട് ദശാബ്ദം പിന്നിട്ട ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരോ നഴ്സുമാരോ ഇല്ല. മറ്റ് സ്റ്റാഫുമില്ല. ഐ.സി.യു, അത്യാഹിത വിഭാഗം ഇവയൊന്നും കാര്യക്ഷമമല്ല. യാതൊരുവിധ ചികിൽസ സൗകര്യവുമില്ല. ബത്തേരിയിലെ താലൂക്ക് ആശുപത്രി സൗകര്യങ്ങൾ വർദ്ധിപ്പിച്ച് മിനി മെഡിക്കൽ കോളേജാക്കി ഉയർത്തണം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ ആശുപത്രിക്ക് മുന്നിൽ ഡിസംബർ രണ്ട് മുതൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ കെ.പി.മധു, പി.എം.അരവിന്ദൻ, വി.മോഹനൻ, കെ.സി.കൃഷ്ണൻകുട്ടി, ടി.എൻ.വിജയൻ എന്നിവർ പങ്കെടുത്തു.