കോട്ടയം: ഒരു തൊഴിലാളി ജീവനൊടുക്കിയതോടെ മരണത്തിന്റെ കറുത്ത പുക വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി (എച്ച്.എൻ.എൽ) യിൽ നിന്ന് ഇനിയും ഉയരുമോ എന്ന ആശങ്കയേറി.
മാതൃ സ്ഥാപനമായ എച്ച്.പി.സി (ഹിന്ദുസ്ഥാൻ പേപ്പർ കോർപറേഷൻ ) പൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതോടെ എച്ച്.എൻ.എല്ലിന്റെ വെള്ളൂരിലെ 700 ഏക്കർ ഭൂമി കൈമാറ്റം ചെയ്യാനാവാത്തസ്ഥിതിയായി. പ്രശ്ന പരിഹാരത്തിന് കൊൽക്കത്തയിലെ ലിക്വിഡേറ്ററുമായി സംസ്ഥാന സർക്കാർ ബന്ധപ്പെടാൻ കേന്ദ്രം നിർദ്ദേശിച്ചെങ്കിലും സാമ്പത്തിക ബാദ്ധ്യത താങ്ങാനാവാത്തതിനാൽ തീരുമാനം നീളുകയാണ്.
മലിനീകരണ നിയന്ത്രണ ബോർഡ് വിലക്കിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിലാണ് എച്ച്.എൻ.എൽ പൂട്ടിയത്. മാലിന്യ സംസ്കരണ പ്ലാന്റ് നവീകരണത്തിന് തൊഴിലാളികൾ ഒന്നിച്ചിറങ്ങി ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിയെടുത്തെങ്കിലും പ്രവർത്തനമൂലധനമില്ലാതായതും മാതൃസ്ഥാപനമായ എച്ച്.പി.സി ലിക്വിഡേഷനിലൂടെ ആസ്തികൾ മരവിപ്പിച്ചതും തിരിച്ചടിയായി.
# വേണ്ടത് 200 കോടി
200 കോടി അടിയന്തര സഹായം ലഭിച്ചാൽ എച്ച്.എൻ.എൽ തുറന്നു പ്രവർത്തിപ്പിക്കാനായേക്കുമെന്നാണ് തൊഴിലാളി സംഘടനാ നേതാക്കൾ പറയുന്നത്. ഒരു വർഷമായി പ്ലാന്റ് പൂട്ടിക്കിടക്കുന്നതിനാൽ പുനരുദ്ധാരണ പ്രവർത്തനം ബുദ്ധിമുട്ടാകുമെന്നാണ് മാനേജ്മെന്റ് വാദം.
ശമ്പളം പെൻഷൻ മറ്റ് കുടിശിക ഇനത്തിൽ 100 കോടിയോളം നൽകണം. അസംസ്കൃത വസ്തുക്കൾ എത്തിച്ചതിനു വനം വകുപ്പിനും വൈദ്യുതിക്കും മറ്റുമായി വേറെയും കോടികളുടെ ബാദ്ധ്യതയുണ്ട്.
എച്ച്.എൻ.എൽ തുറന്നാലും മൂന്നു ദിവസം പ്രവർത്തിപ്പിക്കാനുള്ള അസംസ്കൃത വസ്തുക്കളേ ഉള്ളു. യന്ത്രങ്ങൾ തകരാറിലാണ്. പ്രതിസന്ധികൾ പരിഹരിക്കാൻ കോടികൾ വേണം ഫാക്ടറി നടത്തിക്കൊണ്ടു പോവുക പ്രയാസകരമായിരിക്കുമെന്നാണ് മാനേജിംഗ് ഡയറക്ടർ ഗോപാൽ റാവുവിന്റെ വിശദീകരണം .
1975-80 കാലഘട്ടത്തിൽ പേപ്പർ നിർമ്മിക്കാനായി മാത്രമാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് 700 ഏക്കറോളം വരുന്ന സ്ഥലം വിട്ടുനൽകിയത്. മിനി നവരത്ന ഗണത്തിൽ ഉൾപ്പെട്ടിരുന്ന എച്ച്.എൻ.എൽ വർഷങ്ങളോളം ലാഭത്തിലായിരുന്നു. ആധുനികവത്ക്കരണ നടപടികൾ സ്വീകരിക്കാതിരുന്നതും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ന്യൂസ് പ്രിന്റ് ഇറക്കുമതിയും സ്വകാര്യവത്ക്കരണ നയങ്ങളും ഫാക്ടറിക്ക് ചരമഗീതമെഴുതി.
ലിക്വിഡേഷൻ ഒഴിവാക്കി എച്ച്.എൻ.എൽ ഏറ്റെടുക്കും
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് എങ്ങനെയും ഏറ്റെടുക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ പരിശോധിക്കുകയാണ്. ഔദ്യോഗിക ലിക്വിഡേറ്ററെ സമീപിച്ചോ കോടതി മുഖാന്തിരമോ ലിക്വിഡേഷൻ ഒഴിവാക്കാനാണ് ശ്രമം.
-വ്യവസായ മന്ത്റി ഇ.പി ജയരാജൻ
സ്ഥിരം തൊഴിലാളികൾ 1453
അനുബന്ധ തൊഴിലാളികൾ 5000