പൊൻകുന്നം : സൗഹൃദമൊക്കെയുണ്ട് എന്നാലത് അത്രയ്ക്കങ്ങോട്ട് പ്രകടിപ്പിക്കാൻ കഴിയുന്നുമില്ല. പൊൻകുന്നം ശിശുവനിതാസൗഹൃദപൊലീസ് സ്റ്റേഷനിലെത്തുന്ന ശിശുക്കളോടും വനിതകളോടും ഇപ്പോൾ ഇത്രയൊക്കെയേ പറ്റൂ എന്ന നിലപാടാണ് പൊലീസിന്. കാരണം മറ്റൊന്നുമല്ല ശിശുവനിതാ സൗഹൃദയൂണിറ്റിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ടില്ല. കേരളത്തിലെ ആദ്യത്തെ ശിശു വനിതസൗഹൃദ പൊലീസ് സ്റ്റേഷനായ കടവന്ത്ര സ്റ്റേഷന് പുറമെ സംസ്ഥാനത്തെ 5 പൊലീസ് സ്റ്റേഷനുകൾ കൂടി ശിശുവനിത സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് പൊൻകുന്നം സ്റ്റേഷനും ഉൾപ്പെട്ടത്. പ്രഖ്യാപനം വന്നയുടനെ തിടുക്കത്തിലായിരുന്നു കാര്യങ്ങൾ നടന്നത്.
സ്റ്റേഷൻ വളപ്പിലെ കാർഷെഡ് പൊളിച്ചുനീക്കി 5 ലക്ഷം രൂപ മുടക്കി കെട്ടിടം നിർമ്മിച്ചു. യാത്രയ്ക്കിടെ ക്ഷീണിതരായി കൈക്കുഞ്ഞുമായി എത്തുന്ന അമ്മമാർക്ക് കുഞ്ഞിനെ ഉറക്കാനും മുലയൂട്ടാനും സൗകര്യമൊരുക്കി. പഞ്ഞിക്കിടക്ക, തൊട്ടിൽ. ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങളിൽ സംരക്ഷണം നൽകുന്നതിനുള്ള നിയമവും വകുപ്പും വിവരിക്കുന്ന പുസ്തകങ്ങൾ ഉൾപ്പെടുന്ന ലൈബ്രറിയും ശിശുവനിത സൗഹൃദ സ്റ്റേഷനിൽ ലഭ്യമാകും. പക്ഷെ എന്തുണ്ടെന്ന് പറഞ്ഞിട്ടെന്തുകാര്യം ഉദ്ഘാടനം കഴിയാതെ വല്ലതും നടക്കുവോ. എങ്കിലും അഭയം തേടിയെത്തുന്നവർക്കായി കെട്ടിടം തുറന്നു കൊടുക്കാറുണ്ട്.