കോട്ടയം: ആളൊഴിഞ്ഞ മുക്കിനും മൂലയിലും അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്ന പരിപാടിക്ക് ' മാലിന്യ നിക്ഷേപം' എന്ന് പേരിട്ടത് ആരാണെന്ന് വ്യക്തമല്ലെങ്കിലും, പേരിന്റെ പൊരുൾ നന്നായി അറിയുന്നവരാണ് നഗരസഭ പരിധിയിലെ പള്ളിക്കോണം വാർഡ് നിവാസികൾ.
നാട്ടുകാരുടെ മൊത്തം നിക്ഷേപവും ആണ്ടിലൊരിക്കൽ പ്രകൃതിതന്നെ പലിശസഹിതം വീട്ടിലെത്തിക്കും. ചില വർഷങ്ങളിൽ ഒന്നിലധികം തവണയും ആദായം കിട്ടിയെന്നിരിക്കും. പലപ്പോഴായി വലിച്ചെറിയുന്ന ജൈവ- പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വെള്ളപ്പൊക്കത്തിനൊപ്പം തിരിച്ചുകിടുന്നത്. ചതുപ്പുനിലങ്ങൾ മണ്ണിട്ട് നികത്തിയതും തോടുകൾ കൈയ്യേറി വലിയ കെട്ടിടങ്ങൾ നിർമ്മിച്ചതുമാണ് വെള്ളപ്പൊക്കത്തിന്റെ എണ്ണം കൂടാനുള്ള കാരണം. രണ്ടുദിവസം തുടർച്ചയായി മഴപെയ്താൽ പലവീടുകളും വെള്ളത്തിലാകും. അതിനൊപ്പം സകല മാലിന്യങ്ങളുമുണ്ടാകും.
കുറേക്കാലം മുമ്പുവരെ അലക്കാനും കുളിക്കാനും പാത്രങ്ങൾ കഴുകാനുമൊക്കെ ഉപയോഗിച്ചിരുന്ന ജലസ്രോതസുകളാണ് ഇന്ന് അടുത്ത് ചെല്ലാനാവാത്തവിധം മലിനമായിരിക്കുന്നത്. കൈയ്യേറ്റവും മാലിന്യ നിക്ഷേപവുമാണ് തോടിന്റെ ഗതികേടിന് പ്രധാനകാരണമെങ്കിലും താഴത്തങ്ങാടി ആലുംമൂട്ടിൽ ഷട്ടർ സ്ഥാപിക്കുകയും ചെയ്തതോടെ വാർഡിലെ പ്രധാന ജലസ്രോതസായ നന്ദുണിത്തറ തോടിന്റെ കഥയും കഴിഞ്ഞു. പത്തുമീറ്ററോളം വീതിയുണ്ടായിരുന്ന തോട്ടിലെ ജലയാനയാത്രകളും വൃത്തിയുള്ള കുളിക്കടവുകളും മീൻപിടുത്തവുമൊക്കെ ഇന്ന് വെറും ഗതകാലസ്മരണകളാണ്. ചില സ്ഥലങ്ങളിൽ ഇന്ന് ഒരുമീറ്റർപോലും തോടിന് വീതിയില്ല.
മാലിന്യപ്രശ്നവും തോട് കൈയ്യേറ്റവും ശ്വാശതമായി അവസാനിപ്പിച്ച് വാർഡിന്റെ പ്രശ്നം പരിഹരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും നഗരസഭയുടെ ഭാഗത്തുനിന്ന് യാതൊരു പ്രോത്സാഹനവുമില്ലെന്നാണ് റെസി. വെൽഫെയർ അസോസിയേഷന്റെ പരാതി.
പഴയ സർവേ രേഖകൾ പരിശോധിച്ചാൽ പ്രദേശത്തെ പലകെട്ടിടങ്ങളുടേയും അടിത്തറ ഇളക്കേണ്ടിവരും. തോട്ടിലേക്ക് ഇറക്കിവെച്ചിരിക്കുന്ന കെട്ടിടങ്ങളിലെ ശൗചാലയവും അടുക്കളമാലിന്യവും വരെ ചുമക്കേണ്ട ബാധ്യത നന്ദുണിത്തോടിനാണ്. ഈ കാര്യത്തിലുൾപ്പെടെ നഗരസഭയുടെ നിസംഗതയ്ക്കെതിരെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റെസി. വെൽഫെയർ അസോസിയേഷൻ സെക്രട്ടറി സി.എൻ. മോഹന കുറുപ്പ് പറഞ്ഞു.
വാർഡിലെ പ്രധാനപ്രശ്നങ്ങൾ
ഉറവിട മാലിന്യസംസ്കരണത്ത് നാളിതുവരെ യാതൊരു പദ്ധതിയുമില്ല
പ്രധാനകേന്ദ്രങ്ങളിൽ മാലിന്യം സംഭരിക്കുന്നതിന് നഗരസഭയുടെ സംവിധാനങ്ങളില്ല.
ഹരിത കർമ്മസേനയുടെ പ്രവർത്തനം വാർഡിൽ ഇല്ല
തോടുകളിൽ വ്യാപക കൈയ്യേറ്റം
ആൾ താമസമില്ലാത്ത പറമ്പുകളിലും ഇടവഴികളിലും മാലിന്യകൂമ്പാരം
പ്രശ്നപരിഹാരത്തിന് ശ്രമം തുടരുന്നു
ഈ വാർഡിൽ വ്യാപകമായ തോട് കൈയ്യേറ്റമുണ്ട്. തോട്ടിലെ മാലിന്യം നീക്കം ചെയ്യാനിറക്കിയ ഹിറ്റാച്ചിക്ക് പലസ്ഥലങ്ങളിലും കടന്നുപോകാനാവാത്തതുപോലെ വീതി കുറവാണ്. അതുപക്ഷെ നഗരസഭയുടെ മാത്രം ഇടപെടലിലൂടെ പരിഹരിക്കാവുന്ന പ്രശ്നമല്ല. ഒരുസ്ഥലത്ത് പാലം നിർമിക്കാൻ തീരുമാനിച്ചപ്പോഴും തടസമായി നിൽക്കുന്നത് കൈയ്യേറ്റമാണ്. പരിസരവാസികളുടെ യോഗം വിളിച്ചുകൂട്ടി ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. സംസ്ഥാനസർക്കാരും നഗരസഭയുമായി ചേർന്ന് ഉറവിടമാലിന്യ സംസ്കരണപ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 230 ഗുണഭോക്താക്കളിൽ നിന്ന് അപേക്ഷ സ്വീകരിച്ചിട്ടുണ്ട്. പദ്ധതി ചെലവിന്റെ 90 ശതമാനം വരെ സഹായമായി നൽകും. കാലതാമസം കൂടാതെ ഈ പദ്ധതി നടപ്പിലാക്കും. ഹരിതകർമ്മസേനയിലേക്ക് രണ്ട് വനിതകളെ അടുത്തിടെ നിയമിച്ചിട്ടുണ്ട്. അവരുടെ പ്രവർത്തനം തുടങ്ങിയിട്ടേയുള്ളു. പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കുന്നതിന് സേനയുടെ സഹായം ഉടൻ ലഭ്യമാക്കും.
: സി.എൻ. സത്യനേശൻ, വാർഡ് കൗൺസിലർ