ashtami

വൈക്കം: മഹാദേവ ക്ഷേത്രത്തിൽ അഷ്ടമി കൊടിയേറ്റിന് മുൻപായി ക്ഷേത്രത്തിൽ മണൽ വിരിക്കുവാനുള്ള നടപടിയായി. ക്ഷേത്ര മുറ്റത്ത് അവിടവിടെയായി കൂടിക്കിടക്കുന്ന മണൽ നിരത്തുകയാണ് ആദ്യം ചെയ്യുക. തുടർന്ന് പുതിയ മണൽ വിരിക്കും. പത്ത് ലോഡ് മണൽ വിരിക്കുവാനാണ് നീക്കം. ഒറ്റ മഴയിൽ പെയ്താൽ ക്ഷേത്രം വെള്ളക്കെട്ടിലാകുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഇത് ഭക്തജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ക്ഷേത്രത്തിലെ മണി കിണറിനോടൊപ്പം പ്രാധാന്യമുള്ള മീനം രാശിക്കുളം വൃത്തിയാക്കുന്ന പണികളും പൂർത്തിയായി വരുന്നു. ഇവിടെയുള്ള പാഴ്മരങ്ങളും പന്തലിച്ചു നിൽക്കുന്ന വള്ളി പടർപ്പുകളും വെട്ടി വൃത്തിയാക്കി നിക്കം ചെയ്യുകയാണ് ഇപ്പോൾ. ക്ഷേത്ര മുറ്റത്ത് വിവിധ ഭാഗങ്ങളിൽ കൂടി കിടന്നിരുന്ന മാലിന്യങ്ങളും നീക്കി തുടങ്ങി. പോരായ്യ പരിഹരിച്ച് വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുന്നു. വിളക്കുമാടം, ദ്വാരപാലകൻ, വലിയ ബലിക്കല്ല്, തുടങ്ങിയവ പിച്ചള പൊതിഞ്ഞത് പോളിഷ് ചെയ്തു മിനുക്കുന്ന ജോലികളും നടക്കുന്നുണ്ട്. ക്ഷേത്രത്തിലെ ആൽത്തറകൾ, ദേവസ്വം റോഡുകൾ, വടക്കേ നടയിലെ കംഫർട്ട് സ്റ്റേഷൻ, ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളിലെ അറ്റകുറ്റപണികൾ തീർക്കും. ദേവസ്വത്തിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടത്തി വരുന്നത്.