kerala-congress-m
kerala congress m

കോട്ടയം: ജോസ് കെ.മാണി വിഭാഗം ബഹിഷ്കരിച്ച യോഗത്തിൽ പി.ജെ.ജോസഫിനെ നിയമസഭാ കക്ഷി നേതാവായി ജോസഫ് വിഭാഗം തിരഞ്ഞെടുത്തതോടെ കേരള കോൺഗ്രസ്- എമ്മിൽ നീറിനിന്ന പിളർപ്പ് സമ്പൂർണ്ണമായി. നേരത്തേ ജോസ് വിഭാഗം യോഗം ചേർന്ന് ജോസ് കെ.മാണിയെ ചെയർമാനാക്കിയപ്പോഴേ പാർട്ടി പാതി പിളർന്നിരുന്നു.

ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തത് സ്റ്റേ ചെയ്തത് കട്ടപ്പന കോടതി നീക്കാതിരുന്നതോടെയാണ് അഞ്ച് എം.എൽഎമാരിൽ മൂന്നു പേർ യോഗം ചേർന്ന് ജോസഫിനെ ചെയർമാനായി തിരഞ്ഞെടുത്തത്. ചെയർമാനായ താനറിയാതെ നിയമസഭാ കക്ഷി നേതാവായി ജോസഫിനെ നിശ്ചയിച്ചത് അസാധുവാണെന്നും പാർലമെന്ററി പാർട്ടി വിളിക്കാൻ ജോസഫിന് അധികാരമില്ലെന്നുമാണ് ഇതിനോടുള്ള ജോസ് കെ.മാണിയുടെ പ്രതികരണം. തർക്കം നിലനിൽക്കുന്നതിനാൽ നിയമസഭാ കക്ഷി നേതൃസ്ഥാനം ഒഴിച്ചിടണമെന്ന് ജോസിനൊപ്പമുള്ള റോഷി അഗസ്റ്റിൻ സ്പീക്കർക്ക് കത്തു നൽകിയിരുന്നു.

ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട ഇന്നലത്തെ കോടതി വിധി തങ്ങൾക്ക് അനുകൂലമെന്നു വ്യാഖ്യാനിച്ച് ജോസും ജോസഫും ഒരുപോലെ രംഗത്തുവന്നു.

ചെയർമാൻ മരിച്ചതിനാൽ വർക്കിംഗ് ചെയർമാനായ പി.ജെ ജോസഫിന് ചെയർമാന്റെ അധികാരം പ്രയോഗിക്കാൻ അവകാശമില്ലെന്ന് ഇന്നലത്തെ കോടതി വിധിയിലുണ്ടെന്നാണ് ജോസിന്റെ വിശദീകരണം. ആബ്‌സൻസ് ഒഫ് ചെയർമാൻ എന്നത് താത്കാലിക അസാന്നിദ്ധ്യം മാത്രമാണ്. ഈ സാഹചര്യത്തിൽ പുതിയ ചെയർമാനെ തിരഞ്ഞെടുക്കാതെ പകരക്കാരന് എല്ലാ ഉത്തരവാദിത്വങ്ങളും തുടരാനാകില്ലെന്നും വിധിയിൽ പറയുന്നുവെന്നും ജോസ് അവകാശപ്പെടുന്നു.

യഥാർത്ഥ കേരളകോൺഗ്രസ് ഏതാണെന്നും ചിഹ്നം ആർക്ക് കൊടുക്കണമെന്നും ഇലക്‌ഷൻ കമ്മിഷനാണ് അന്തിമമായി തീരുമാനിക്കേണ്ടത്. ജോസഫിനോട് കമ്മിഷൻ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും ജോസ് പറഞ്ഞു.എന്നാൽ, കട്ടപ്പന കോടതി വിധി ജോസിന്റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയും തങ്ങൾക്കു കിട്ടിയ അംഗീകാരവുമാണെന്നാണ് പി.ജെ. ജോസഫിന്റെ വാദം. വിധി തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കും.
കഴിഞ്ഞ ജൂണിൽ കോട്ടയത്തു വിളിച്ചുചേർത്ത സംസ്ഥാന സമിതി യോഗമാണ് ജോസിനെ ചെയർമാനായി തിരഞ്ഞെടുത്തത്. 437 അംഗങ്ങളിൽ 312 പേർ പങ്കെടുത്തിരുന്നു. നോട്ടീസ് നൽകാതെ യോഗം വിളിച്ചെന്നും ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും ആരോപിച്ചാണ് ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി നൽകിയത്. ഇത് അംഗീകരിച്ച് ചെയർമാൻ തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. ഇതു പിൻവലിക്കാൻ കട്ടപ്പന സബ്കോടതിയിൽ ജോസ് നൽകിയ അപ്പീലിന്മേലാണ് സ്റ്റേ നിലനിറുത്തിയത്.