പാലാ : കൊഴുവനാൽ പഞ്ചായത്തിന്റെ 'ജലനിധി ' പദ്ധതിയിൽ നിന്ന് കുടിവെള്ളം മാത്രമല്ല, 'പൈന്റും ' കിട്ടുമെന്ന് വളരെ കുറച്ചു പേർക്കേ അറിയുമായിരുന്നുള്ളൂ, 'ബാർ ഒാപ്പറേറ്റർ മോഹനനെ " ഇന്നലെ എക്‌സൈസ് പിടികൂടുംവരെ. പാലാ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ. ബി. ബിനുവിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പമ്പ് 'ഓപ്പറേറ്റർ കം ബാർ മാൻ' വലയിലായത്. ഡ്രൈ ഡേ യിൽ അമിത വിലയ്ക്ക് വിൽപ്പന നടത്തുന്നതിനായി മദ്യം ശേഖരിച്ച് വില്പന നടത്തിയ കേസിൽ പൂവരണി വല്ല്യാത്തു വീട്ടിൽ മോഹനൻ (60 ) ഒടുവിൽ കുടുങ്ങി. അര ലിറ്ററിന്റെ 38 കുപ്പികളിൽ ആയി 19 ലിറ്റർ വിദേശമദ്യവും പമ്പ് ഹൗസിൽ നിന്ന് പിടികൂടി. ജലനിധി പദ്ധതിയുടെ പമ്പ് ഓപ്പറേറ്ററാണ് മോഹനൻ.

ഡ്രൈഡേയ്ക്ക് മുൻപുള്ള ദിവസങ്ങളിൽ പാലായിൽ നിന്ന് മൂന്നു ലിറ്റർ വീതം പലതവണയായി വാങ്ങിയായിരുന്നു ഇയാൾ മദ്യം ശേഖരിച്ചിരുന്നത്. സാമ്പത്തികമായും മറ്റും നല്ല ചുറ്റുപാടിൽ ജീവിക്കുന്ന മോഹനനെ കുറിച്ച് ആർക്കും സംശയം തോന്നിയിരുന്നുമില്ല. ഡ്രൈഡേയിൽ എക്‌സൈസ് രാത്രികാല വാഹന പരിശോധന നടത്തവേ പൂവരണി ഭാഗത്ത് വെച്ച് ഒരു കുപ്പി വിദേശ മദ്യവുമായി കണ്ട ഒരാളോടു മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് മോഹനനെ പറ്റി സൂചന ലഭിച്ചത്. തുടർന്നുള്ള നിരീക്ഷണത്തിൽ ഇയാൾ ഡ്രൈ ഡേയ്ക്കു് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ നിരവധി തവണ പാലായിൽ വന്നു മദ്യം വാങ്ങി പോകുന്നതായും പമ്പുഹൗസിനുള്ളിൽ ശേഖരിക്കുന്നതായും മനസിലാക്കയത്. പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രിവന്റീവ് ഓഫീസർ കെ.വി. അനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നന്ദു .എം. എൻ . എബി ചെറിയാൻ, അമൽ ഷാ മാഹിൻ കുട്ടി, മിഥുൻ മാത്യു, വിനീത വി.നായർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.