പാലാ : ജീവിതഗന്ധിയായ രചനകൾ കൊണ്ട് മലയാളത്തെ ധനൃമാക്കിയ വെട്ടൂർ രാമൻനായരുടെ പത്നി ഇന്നലെ നിര്യാതയായ പുലിയന്നൂർ മുളക്കൽ മീനാക്ഷിയമ്മയുടെ (91) സംസ്കാരം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ നടന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 2003 ൽ പ്രിയതമന്റെ വേർപാടിനെത്തുടർന്ന് മക്കളോടും കൊച്ചുമക്കളോടും ഒപ്പം പുലിയന്നൂരിലെ തറവാട്ട് വീട്ടിൽ കഴിയുകയായിരുന്നു. മൂന്നാഴ്ച മുൻപ് പാലാ സഹൃദയസമിതി ഭാരവാഹികൾ വെട്ടൂർ ജൻമശതാബ്ദി സമ്മേളനത്തക്കുറിച്ച് പറയാനെത്തിയപ്പോൾ പഴയ കാരൃങ്ങളൊക്കെ ഓർമ്മിപ്പിച്ചിരുന്നു അവർ. സഹൃദയ സമിതിയുടെ വാർഷിക സമ്മേളനങ്ങളിൽ പങ്കെടുക്കാനെത്തിയിരുന്ന തകഴി, എം. ടി.വാസുദേവൻ നായർ , പൊറ്റെക്കാട്, വയലാർ , പാറപ്പുറത്ത് തുടങ്ങിയ മഹാരഥന്മാർക്കെല്ലാം വീട്ടിൽ ഭക്ഷണം വിളമ്പി ക്കൊടുത്തതും അവരുടെ വിശേഷ വർത്ത മാനങ്ങളുമൊക്കെ അന്ത്യനാളുകൾ വരെ ഇവരുടെ ഓർമ്മയിൽ തിളങ്ങി നിന്നു.ഇന്നലെ വൈകിട്ട് സാമൂഹിക രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ മക്കൾ ഡോ.ജയകൃഷ്ണൻ, ജനാർദ്ദനൻ എന്നിവർ ചേർന്നാണ് ചിതയ്ക്ക് തീ കൊളുത്തിയത്.