കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വിശ്വാസ സംരക്ഷണ ചങ്ങല തീർക്കും. ചങ്ങല കോട്ടയം ഗാന്ധിപ്രതിമ വരെ നീളും. കത്തീഡ്രൽ സഹവികാരി കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത് സത്യപ്രതിജ്ഞ ചൊല്ലും. കത്തീഡ്രൽ വികാരി ഇ.ടി. കുുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ ഇട്ട്യേടത്ത് കത്തീഡ്രലിലെ വിശുദ്ധ മദ്ബഹായിൽ പ്രഥമ കണ്ണിയാകും. വിശ്വാസപ്രഖ്യാപനത്തിനുശേഷം മണർകാട് പള്ളി, മണർകാട് കവല, വടവാതൂർ അപ്രേം കുരിശുപള്ളി, കളത്തിപ്പടി, കഞ്ഞിക്കുഴി, കോട്ടയം ഗാന്ധിസ്‌ക്വയർ എന്നി പ്രധാനകേന്ദ്രത്തിൽ ഐക്യദാർഢ്യ സമ്മേളനങ്ങൾ നടക്കും. ചങ്ങലയിൽ 25,000ൽ അധികം വിശ്വാസികൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ കുര്യാക്കോസ് കോർ എപ്പിസ്‌കോപ്പ കിഴക്കേടത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, സി.പി. ഫിലിപ്പ് ചെമ്മാത്ത്, സാബു ഏബ്രഹാം മൈലക്കാട്ട് എന്നിവർ പങ്കെടുത്തു.