കോട്ടയം: അപ്രതീക്ഷിതമായ ന്യൂനമർദ്ദം കർഷകർക്ക് സമ്മാനിച്ചത് തോരാ കണ്ണീർ. കഴിഞ്ഞ മാസം 16 മുതൽ 24വരെയുണ്ടായ കനത്ത മഴയിൽ 12.88 കോടിയുടെ കൃഷിയാണ് നശിച്ചത്. പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കരകയറുന്ന കർഷർക്ക് ഇരട്ടിപ്രഹരമായി ന്യൂനമർദ്ദം.
നെൽ കർഷകർക്കാണ് കൂടുതൽ നഷ്ടം. പടിഞ്ഞാറൻ മേഖലയിലെ കൊയ്യാറായ നെല്ലാണ് വെള്ളം കയറി ചീഞ്ഞുപോയത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പടിഞ്ഞാറൻ മേഖലയിലുണ്ടായ വെള്ളപ്പൊക്കം റബർ, വാഴക്കർഷകരെയും മഴ വെള്ളം കുടിപ്പിച്ചു. വളപ്രയോഗമൊക്കെ കഴിഞ്ഞ് കുലച്ചുവിളയാറായ 20 ഹെക്ടർ വാഴകൃഷിയാണ് നശിച്ചത്. കല്ലറ, ടി.വി പുരം, മറവൻതുരുത്ത്, കാണക്കാരി, രാമപുരം, മാഞ്ഞൂർ, ചങ്ങനാശേരി, കുമരകം, കുറിച്ചി, കിടങ്ങൂർ, തലയോലപ്പറമ്പ്, വെച്ചൂർ ഭാഗങ്ങളിലാണ് കൃഷിനാശം.
നഷ്ടം 340 കർഷകർക്ക്
340 കർഷകരുടെ 213 ഹെക്ടർ കൃഷിയാണ് നശിച്ചത്. ഇതിൽ 211.35 ഹെക്ടറിലും നെൽകൃഷിയാണ്. 3.5 കോടിയുടെ മാത്രം നെൽകൃഷി നശിച്ചിട്ടുണ്ട്.
നഷ്ടപരിഹാരം ലഭിച്ചിട്ടില്ല
കഴിഞ്ഞ പ്രളയത്തിലെ നഷ്ടപരിഹാരത്തുക കർഷകർക്ക് ഇനിയും പൂർണ്ണമായി നൽകിയിട്ടില്ല. ഇൻഷുറൻസ് തുകയിൽ 15 ലക്ഷത്തോളം രൂപ കർഷകർക്ക് കിട്ടാനുണ്ട്. കഴിഞ്ഞ തവണ കാപ്പി, തെങ്ങ് എന്നിവയ്ക്ക് സാരമായ നാശം ഉണ്ടായെങ്കിലും ഇക്കുറി ഇവയ്ക്ക് കാര്യമായ നഷ്ടം സംഭവിച്ചിട്ടില്ല.
നഷ്ടം കണക്കാക്കി കൃഷിവകുപ്പിന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഷ്ടപരിഹാരതുക കർഷകരുടെ
അക്കൗണ്ടിൽ നിക്ഷേപിക്കും.
അഡീ. ഡയറക്ടർ, കൃഷി വകുപ്പ്