കോട്ടയം : കുമളി റോഡിൽ മുണ്ടക്കയം ചോറ്റിയിൽ 3 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ പഠനം നടത്തി.അശ്രദ്ധയും അമിതവേഗവുമാണ് അപകടങ്ങൾക്കിടയാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. രണ്ടുദിവസം രഹസ്യമായി പ്രദേശം നിരീക്ഷിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കഴിഞ്ഞ 25 ന് മുണ്ടക്കയം ചോറ്റി പാലാമ്പടം എൽ.പി സ്‌കൂളിനു സമീപം ലോറി ബൈക്കിലും കാറിലും ഇടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ വെബ്ലി ഇടമണ്ണിൽ ഇ.വി ഷാജി (48), മണ്ണശേരി അരുൺകുമാർ (24), കാർ യാത്രക്കാരനായ പെരുവനന്താനം നീറിയാനിക്കൽ ശ്രീധരൻപിള്ള (62) എന്നിവരാണ് മരിച്ചത്. ജില്ലയിലെ ഏറ്റവും വലിയ അപകട വളവാണിതെന്നാണ് പൊലീസും - മോട്ടോർ വാഹനവകുപ്പും പറയുന്നത്. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ കെ.കെ റോഡിൽ ഏറ്റവുമധികം അപകടം ഉണ്ടായതും ഇവിടെയാണ്.

റിപ്പോ‌ർട്ട് ഇങ്ങനെ

അപകടം ഉണ്ടായ മേഖലയിൽ വാഹനങ്ങൾ അമിതവേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് കണ്ടെത്തി. അപകടത്തിന്റെ പിറ്റേന്ന് പോലും ഇത് ദൃശ്യമായിരുന്നു. വാഹനപരിശോധന നടക്കുമ്പോൾ മാത്രമാണ് വേഗം കുറയ്‌ക്കുക. വളവായതിനാൽ എപ്പോഴും പരിശോധന സാദ്ധ്യമല്ല. ദേശീയപാത എക്‌സിക്യുട്ടീവ് എൻജിനിയറുടെ നിർദ്ദേശപ്രകാരം അപകടത്തിനു പിറ്റേന്ന് റോഡിൽ സ്റ്റഡുകൾ സ്ഥാപിച്ചെങ്കിലും വേഗം കുറയ്‌ക്കാൻ ഇത് അപര്യാപ്‌തമാണ്. വളവിന്റെയുള്ളിൽ മൂന്നു മീറ്ററും, പുറംഭാഗത്ത് 2.5 മീറ്റർ വീതിയുമാണുള്ളത്.

പരിഹാരം ഇങ്ങനെ

ഓവർടേക്കിംഗ് ഒഴിവാക്കാൻ വളവിനു മുൻപ് ബാരിക്കേഡ് സ്ഥാപിക്കുക

കൂടുതൽ സ്ഥലം ഏറ്റെടുത്ത് റോഡിന് വീതി കൂട്ടുക

സ്‌പീഡ് റഡാർ കാമറകൾ സ്ഥാപിച്ച് വേഗം നിയന്ത്രിക്കുക