കോട്ടയം: കെ.എം.മാണി മരിച്ച് ആറ് മാസം കഴിഞ്ഞതോടെ കേരളകോൺഗ്രസ് (എം) പിളർന്നു.
ജോസ് കെ. മാണിയെ ചെയർമാനായി ജോസ് വിഭാഗം തിരഞ്ഞെടുത്തതിനു പിറകേ പി.ജെ.ജോസഫിനെ നിയമസഭാ കക്ഷി നേതാവായി ജോസഫ് വിഭാഗം തിരഞ്ഞെടുത്തതോടെ രണ്ടു നേതാക്കളും രണ്ടു വഴിക്കെന്ന് തെളിയിച്ചു. പിളർപ്പന്മാരുടെ പാർട്ടി എന്ന ശാപം വീണ്ടും ഫലിച്ചു .
ജോസഫ് നിയമസഭാ കക്ഷി നേതാവായതിനു പുറമേ സി.എഫ്.തോമസിനെ ഡപ്യൂട്ടി ലീഡറും മോൻസ് ജോസഫിനെ പാർലമെന്ററി പാർട്ടി നേതാവുമായി തിരഞ്ഞെടുത്തത് ടി.വി വാർത്ത കണ്ടാണ് ജോസ് അറിഞ്ഞത്. എല്ലാ ജില്ലകളിലും ഇരു വിഭാഗവും പരസ്പരം പുറത്താക്കൽ നടത്തി തങ്ങൾക്ക് താത്പര്യമുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തതിന് പുറമേ സംസ്ഥാന തലത്തിലും ഭാരവാഹികളെ തിരഞ്ഞെടുത്തിരുന്നു. ജോസഫ് വിഭാഗം എം.എൽ.എമാർ ലീഡർ, ഡെപ്യൂട്ടി ലീഡർ, ചിഫ് വിപ്പ് സ്ഥാനങ്ങൾ പങ്കിട്ടെടുത്തതോടെ സാങ്കേതികമായി പിളർപ്പ് യാഥാർത്ഥ്യമായി. ഇനി ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം കോടതിയിൽ നിൽക്കുന്നതിനാലാണ് ജോസഫ് സ്വയം ചെയർമാനായി പ്രഖ്യാപിക്കാതിരുന്നത്. രണ്ടില ചിഹ്നമടക്കം തർക്ക പ്രശ്നങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം വരുന്നതോടെ പിളർപ്പ് പൂർണമാവും .
ഇന്നലത്തെ കട്ടപ്പന കോടതിവിധിക്ക് ഇരുവിഭാഗവും കാത്തിരിക്കുകയായിരുന്നു. നിയമസഭാ കക്ഷി യോഗം ജോസഫ് 26ന് വിളിച്ചിരുന്നു. വിധിയുടെ സാഹചര്യത്തിൽ ഇന്നലത്തേക്കു മാറ്റുകയായിരുന്നു. ചെയർമാനായി ജോസിനെ തിരഞ്ഞെടുത്തത് സ്റ്റേ ചെയ്ത നടപടി കോടതി ശരിവച്ചതോടെ അഞ്ചിൽ മൂന്ന് എം.എൽ.എമാർ ഒപ്പമുള്ള ജോസഫ് കളത്തിലിറങ്ങി കളിച്ചു. ഇതോടെ ജോസഫ് പാർട്ടിയിൽ പിടി മുറുക്കി.
ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട ഇന്നലത്തെ കോടതി വിധി തങ്ങൾക്കനുകൂലമെന്ന് വ്യാഖ്യാനിച്ച് ജോസും ജോസഫും രംഗത്തു വന്നിരുന്നു. കഴിഞ്ഞ ജൂണിൽ ജോസ് വിഭാഗം കോട്ടയത്തു വിളിച്ചുചേർത്ത സംസ്ഥാന സമിതി യോഗമാണ് ജോസ് കെ. മാണിയെ ചെയർമാനായി തിരഞ്ഞെടുത്തത്. 437 അംഗങ്ങളിൽ 312 പേർ പങ്കെടുത്തിരുന്നുവെന്നാണ് അവരുടെ അവകാശവാദം. എന്നാൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളല്ലാത്തവർ വരെ പങ്കെടുത്തു, നോട്ടീസ് നൽകാതെ യോഗം വിളിച്ചു, ചട്ടം ലംഘിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത് എന്നൊക്കെ ആരോപിച്ച് ജോസഫ് വിഭാഗം ഇടുക്കി മുൻസിഫ് കോടതിയിൽ ഹർജി നൽകിയതോടെ ചെയർമാൻ തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. സ്റ്റേ പിൻവലിക്കാൻ കട്ടപ്പന സബ്കോടതിയിൽ ജോസ് അപ്പീൽ നൽകിയിരുന്നു. ഇതിലാണ് സ്റ്റേ നിലനിറുത്തി ജോസഫിന് അനുകൂലമായ കോടതി വിധി .