fidha

വൈക്കം: സംഗീത വേദികളിൽ സ്വരമാധുരി തീർത്ത ഫിദ ഫാത്തിമയ്ക്ക് യു. പി. വിഭാഗത്തിൽ മികച്ച കലാകാരിക്കുള്ള ട്രോഫി. വൈക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം എന്നിവയിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയാണ് കലാവേദിയിൽ തിളങ്ങിയത്. മുൻ വർഷങ്ങളിലും സംഗീതമേഖലയിൽ ഫിദ ഫാത്തിമ മികച്ച കലാകാരിയുടെ ട്രോഫി നേടിയിരുന്നു. ആശ്രമം യു. പി. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ ഫിദ ഫാത്തിമ സംഗീത മേഖലയിൽ ചെറിയ പ്രായത്തിൽ തന്നെ അറിവും കഴിവും പ്രകടിപ്പിച്ചിരുന്നു. റിയാലിറ്റി ഷോയിലും ഫിദ ഫാത്തിമയുടെ മികവ് പ്രകടമായിരുന്നു. മത്സരിച്ച നാല് ഇനങ്ങളിലും മികച്ച വിജയം നേടിയ ഫാത്തിമയെ സ്‌കൂൾ അധികൃതർ അനുമോദിച്ചു. സ്‌കൂൾ നടത്തുന്ന എല്ലാ പരിപാടികളിലും ഈശ്വര പ്രാർത്ഥന നടത്തുന്നത് ഫിദ ഫാത്തിമയാണ്. ഫിദയുടെ ശബ്ദമാധുരി എല്ലാവർക്കും പ്രിയമാണ്. വൈക്കം പുളിംതറയിൽ ഫൈസലിന്റെയും ഫൗസിയുടെയും മകളാണ് പതിനൊന്നുകാരിയായ ഫിദ ഫാത്തിമ.