sammelanam

വൈക്കം: ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ വിശേഷാൽ പൊതുയോഗം വൈക്കം വ്യാപാര ഭവനിൽ നടന്നു. താലൂക്ക് പ്രസിഡന്റ് ഐ.ജോർജുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് ഉദ്ഘാടനം ചെയ്തു. ഭക്ഷ്യധാന്യശേഖരണവും വിതരണവും പൊതുമേഖലയെ പൂർണമായി ഒഴിവാക്കി ചില കുത്തകളെ ഏൽപിക്കുവാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയ സാഹചര്യത്തിൽ പൊതുവിതരണ രംഗത്തിന്റെ ഭാവി അനശ്ചിതത്വത്തിലേയ്ക്കാണ് പോകുന്നതെന്ന ആശങ്ക ഉയരുകയാണെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോസ് കാവനാട് പറഞ്ഞു.സംസ്ഥാനത്ത് 14000 ത്തിലധികം റേഷൻ കടകൾ വഴിയാണ് ഭക്ഷ്യധാന്യങ്ങൾ കുറഞ്ഞ വിലയ്ക്കു നൽകുന്നത്. കടകളുടെ എണ്ണം പരമാവധി കുറയ്ക്കാനുള്ള പരിഷ്‌കാരങ്ങൾ സംസ്ഥാന സർക്കാരും നടത്തുന്നു.ഈ സാഹചര്യത്തിൽ റേഷൻ വ്യാപാരികൾ സഹകരണ സംഘങ്ങൾ രൂപീകരിക്കുകയോ സംഘമുള്ള സ്ഥലങ്ങളിൽ മുഴുവൻ വ്യാപാരികളും അംഗമായി ചേർന്ന് വ്യാപാരവുമായി മുന്നോട്ടു പോകാൻ വായ്പ എടുക്കുകയോ ചെയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സെക്രട്ടറി ബാബു ചെറിയാൻ, കോട്ടയം ജില്ലാ പ്രസിഡന്റ് വി.ജോസഫ്, താലുക്ക് ജനറൽ സെക്രട്ടറി കെ. ഡി.വിജയൻ, കെ.ജി. ഇന്ദിര, ടി.എസ്.ബൈജു, പി.കെ. പ്രകാശൻ, യു.ജോൺ, അജേഷ് പി.നായർ തുടങ്ങിയവർ പ്രസംഗിച്ചു.