കിടങ്ങൂർ : മധ്യതിരുവിതാംകൂറിൽ അനേകായിരം പേരെ സൗജന്യ വിഷചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ നടത്തിയ ഏറ്റവും മുതിർന്ന പാരമ്പര്യ വൈദ്യനും പ്രശസ്ത വിഷ ചികിത്സകനുമായ ചെമ്പിളാവ് വടക്കേടത്ത് നാരായണൻ വൈദ്യർ(98) ഇനി ദീപ്ത സ്മരണ. അഞ്ച് തലമുറകളായി പാരമ്പര്യ ആയുർവേദ ചികിത്സാരംഗത്തെ നിറസാന്നിധ്യമായിരുന്ന ചെമ്പിളാവ് വടക്കേടത്ത് കുടുംബാംഗമായ നാരായണൻ വൈദ്യർ മുത്തച്ഛനും പ്രശസ്ത ഭിഷഗ്വരനുമായ നാരായണൻ വൈദ്യർ, അച്ഛൻ കുട്ടൻ വൈദ്യർ എന്നിവരിൽനിന്ന് നന്നേ ചെറുപ്പത്തിലെ ചികിത്സാവിധികൾ സ്വായത്തമാക്കിയ ഭിഷഗ്വരനായിരുന്നു. താളിയോല ഗ്രന്ഥങ്ങളിലും സംസ്‌കൃത ചികിത്സാഗ്രന്ഥങ്ങളിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ചികിത്സാ കൈപുണ്യം അപാരമായിരുന്നു. എട്ട് പതിറ്റാണ്ടിലേറെക്കാലത്തെ വിഷ ചികിത്സയ്ക്കിടയിൽ ആയിരക്കണക്കിന് രോഗികളെയാണ് മരണവക്ത്രത്തിൽനിന്ന് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. തന്റെയടുത്ത് ചികിത്സ തേടിയെത്തിയ ഒരാളെപ്പോലും മരണത്തിന് വിട്ടുകൊടുക്കാതെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് ജീവിതത്തിലേക്കാനയിച്ച വൈദ്യരുടെ ചികിത്സാ മികവ് കേട്ടറിഞ്ഞ് വിവിധ ജില്ലകളിൽനിന്നടക്കം ഒട്ടേറെപ്പേരാണ് അദ്ദേഹത്തിന്റെ പക്കലെത്തിയിരുന്നത്. പ്രതിഫലേച്ഛയില്ലാതെ നിസ്വാർത്ഥനായി കഠിനാദ്ധ്വാനം ചെയ്ത് ഫലപ്രാപ്തി കൈവരിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാരീതി. വിഷം തീണ്ടിയാൽ നാട്ടുചികിത്സ മാത്രം ആശ്രയമായിരുന്ന പണ്ടുകാലത്ത് ഏറെ കഷ്ടതകൾ സഹിച്ചാണ് ചികിത്സ നടത്തിയിരുന്നത്. രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് ഉറങ്ങാതെ കാത്തിരുന്ന് മരുന്നുകൾ മാറിമാറി നൽകിയാണ് അവരെ രക്ഷപ്പെടുത്തിയിരുന്നത്. ആധുനിക കാലത്തും നാരായണൻ വൈദ്യരുടെ പക്കൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിന് യാതൊരു കുറവുമില്ലായിരുന്നു. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും അലട്ടാതിരുന്ന വൈദ്യർ ഇന്നലെ രാവിലെയാണ് ഇഹലോകവാസം വെടിഞ്ഞത്. മൂന്നുദിവസം മുൻപും തന്റെ അടുക്കലെത്തിയ രോഗിക്ക് മരുന്ന് നൽകി അദ്ദേഹം മടക്കിയയച്ചിരുന്നു. തന്റെ ചികിത്സാ പാരമ്പര്യവും വിധികളും മരുമകൾ ഷിജിക്ക് പകർന്നുനൽകിയാണ് അദ്ദേഹം യാത്രയായത്. ചികിത്സാ മികവിനുളള അംഗീകാരമായി ജീവിതത്തിന്റെ നാനാതുറകളിൽനിന്നുള്ളവർ അദ്ദേഹത്തെ ആദരിച്ചിരുന്നു. പാരമ്പര്യ ചികിത്സാരംഗത്തെ ഏറ്റവും തലമുതിർന്ന പ്രശസ്ത ഭിഷഗ്വരനെയാണ് വൈദ്യരുടെ മരണത്തിലൂടെ നാടിന് നഷ്ടമായത്.