കോട്ടയം : നഗരത്തിൽ ഓട്ടോറിക്ഷകൾക്ക് മീറ്റർ നിർബന്ധമാക്കിയതിനു ശേഷം രണ്ടാംഘട്ടമായി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 39 ഓട്ടോറിക്ഷകൾ കുടുങ്ങി. മീറ്റർ പ്രവർത്തിപ്പിക്കാത്ത 16 ഓട്ടോറിക്ഷകൾക്കും, മറ്റ് നിയമലംഘനങ്ങൾ നടത്തിയ 23 ഓട്ടോറിക്ഷകൾക്കും എതിരെയാണ് നടപടി.

സെപ്തംബർ 1 മുതലാണ് മീറ്റർ നിർബന്ധമാക്കി കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. സമരത്തിനും ചർച്ചകൾക്കുമൊടുവിലാണ് തീരുമാനം നടപ്പായത്. എന്നാൽ പല ഓട്ടോ ഡ്രൈവർമാരും ഇതുവരെയും മീറ്റർ ഇടാൻ തയ്യാറായിട്ടില്ലെന്ന് ആർ.ടി.ഒ വി.എം ചാക്കോയ്‌ക്ക് പരാതി ലഭിച്ചിരുന്നു. രണ്ടാഴ്‌ചയ്‌ക്കിടെ കോട്ടയം നഗരത്തിൽ നിന്നു മാത്രം പതിനഞ്ചോളം പരാതികളാണ് ലഭിച്ചത്. തുടർന്നാണ് മോ‌ട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

പരാതി വരും പിൻവലിക്കും

യാത്രക്കാരോടു മോശമായി പെരുമാറുകയും, മീറ്ററില്ലാതെ സർവീസ് നടത്തുകയും ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെ പരാതി വന്നാലും നടപടികൾ കുറയുന്നു. ഓട്ടോ ഡ്രൈവർമാർ മാപ്പ് പറയുന്നതോടെ പലരും പരാതിയുമായി മുന്നോട്ടു പോകാൻ തയ്യാറാകില്ല. ഇത് പല ഓട്ടോക്കാരും മറയാക്കി മാറ്റിയിരിക്കുകയാണെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.