എരുമേലി : ശബരിമല തീർത്ഥാടനത്തിന് രണ്ടാഴ്ച ശേഷിക്കെ എരുമേലിയിലെ ക്രമീകരണങ്ങൾ വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്നെത്തും. രാവിലെ 9 നാണ് അവലോകന യോഗം ചേരുക. അതേസമയം മുന്നൊരുക്ക യോഗം നേരത്തെ ആയിരുന്നെങ്കിൽ ഒരുക്കങ്ങൾ പാതിയെങ്കിലുമാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെ ഒരുക്കങ്ങൾ പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർക്കും എത്തും പിടിയുമില്ല. ഇനി മഴ തുടർന്നാൽ കാര്യങ്ങൾ കൈവിട്ടുപോകും. ഇറിഗേഷൻ വകുപ്പിന്റെ ഒരുക്കങ്ങൾ മാത്രമാണ് ആശ്വാസം. മഴ സുലഭമായി ലഭിച്ചതിനാൽ നദികളിൽ ഉടനെ തടയണകൾ നിർമ്മിക്കേണ്ടെന്നത് ആശ്വാസമാണ്.
മന്ത്രിയെ തടയാൻ ബി.ജെ.പി
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് മുന്നൊരുക്കയോഗ സ്ഥലത്തേക്ക് ബി.ജെ.പി പ്രതിഷേധ മാർച്ച് നടത്തും. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.രാമൻ നായർ ഉദ്ഘാടനം ചെയ്യും. മന്ത്രിയെ വഴിയിൽ തടയാൻ ബി.ജെ.പി പ്രവർത്തകർ ശ്രമിക്കുമെന്ന വിവരത്തെ തുടർന്ന് വൻസുരക്ഷയാണ് എരുമേലിയിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ 8 ന് ഏറ്റുമാനൂരിൽ മുന്നൊരുക്കയോഗം കഴിഞ്ഞ് എരുമേലിയിലെത്തുന്ന മന്ത്രി പന്തളത്തും യോഗത്തിൽ പങ്കെടുക്കും.