കടനാട് : റോഡ് പണിയുടെ മറവിൽ പഞ്ചായത്ത് റോഡ് വെട്ടിപ്പൊളിച്ച് കരിങ്കല്ല് കടത്തിയ വിവാദ വിഷയം ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി ഇന്ന് 3 ന് കൊല്ലപ്പിള്ളിയിൽ യോഗം ചേരും. മണ്ഡലം പ്രസിഡന്റും യു.ഡി.എഫ് കൺവീനറുമായ പഞ്ചായത്തംഗം ബേബി ഉറുമ്പുകാട്ട് ഈ വിഷയത്തിൽ പഞ്ചായത്ത് കമ്മിറ്റിയിൽ നടത്തിയ പരാമർശവും വിവാദമായിട്ടുണ്ട്. എട്ടു പത്തുലക്ഷം രൂപയുടെ കല്ല് കടത്തിയാലെന്താ, ഒരു റോഡ് നന്നായില്ലേ, എന്നായിരുന്നു ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ഭരണനേതൃത്വത്തെ അനുകൂലിച്ച് ബേബി ചോദിച്ചത്. മാണി ഗ്രൂപ്പിൽ തന്നെ ഉൾപ്പെട്ട മെമ്പർ ട്രീസമ്മ തോമസിന്റെ വാർഡിലാണ് റോഡ്. ബേബി ഭരണപക്ഷത്തിന് അനുകൂലമാണെങ്കിലും മാണി ഗ്രൂപ്പിലെ മറ്റ് രണ്ട് മെമ്പർമാർക്ക് ഇക്കാര്യത്തിൽ കടുത്ത വിയോജിപ്പുണ്ട്. മാണി ഗ്രൂപ്പിന്റെ തൊഴിലാളി വിഭാഗമായ കെ.ടി.യു.സി എമ്മും ഇക്കാര്യത്തിൽ മണ്ഡലം പ്രസിഡന്റിനെ അനുകൂലിക്കുന്നില്ല. കരിങ്കൽ കൊള്ളക്കാരെ കൈയാമം വയ്ക്കണമെന്നാണ് നിലപാട്. ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗത്തിൽ ബേബി ഉറുമ്പുകാടനെതിരെ രൂക്ഷ വിമർശനമുയർന്നേക്കാം.