കോട്ടയം : കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകുമെന്നുള്ള മുഖ്യമന്ത്രിയുടെ പരാമർശം ദുരുദ്ദേശ്യപരമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. ഈ പരാമർശം എൻ.എസ്.എസിനെ ഉദ്ദേശിച്ചാണെങ്കിൽ തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
'ഞങ്ങൾ മാത്രമാണ് നവോത്ഥാനത്തിന്റെ പ്രവാചകർ, ഞങ്ങൾ പറയുന്ന വഴിയേ വന്നോണം, അല്ലാത്തവരെയൊക്കെ അപ്രസക്തമാക്കും' എന്ന ഭീഷണിയുടെ സ്വരം ഇതിലുണ്ടെന്ന് സംശയിക്കുന്നു. ശബരിമല വിഷയത്തോടനുബന്ധിച്ചാണ് സർക്കാർ നവോത്ഥാനം ഉയർത്താൻ തുടങ്ങിയത്. അതിനെ തുടർന്നാണ് ഇതുവരെയില്ലാത്ത സവർണ-അവർണ ചേരിതിരിവും മുന്നാക്ക-പിന്നാക്ക വിഭാഗീയതയും ജാതിതിരിവും ഉണ്ടായത്. ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയായിരുന്നു. നവോത്ഥാന മൂല്യങ്ങളിൽ അടിയുറച്ച് നിന്നുകൊണ്ട് സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും നാടിന്റെയും നന്മയ്ക്കായി സത്യസന്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരെ മുഖ്യമന്ത്രി ഉപദേശ രൂപേണ ഇത്ര വിലകുറഞ്ഞ രീതിയിൽ പ്രതികരിച്ചത് അവിവേകമാണെന്നും സുകുമാരൻ നായർ പറഞ്ഞു.