കോട്ടയം : സവാളയ്ക്ക് പിന്നാലെ ഉള്ളി വിലയും കുതിക്കുന്നു. അറബിക്കടലിലെ മഹാചുഴലിക്കാറ്റിനെത്തുടർന്ന് മത്തിയും അയലയും കിട്ടാനുമില്ല. കഴിഞ്ഞദിവസം കിലോയ്ക്ക് 5 രൂപയാണ് ഉള്ളിക്ക് കൂടിയത്. കോട്ടയം മാർക്കറ്റിൽ ചില്ലറ വില്പന വില 80 രൂപയാണ്.
വെള്ളിയാഴ്ച 55 രൂപയുണ്ടായിരുന്ന സവാളയ്ക്കും 5 രൂപ കൂടി. ഏറെയാളുകൾ വാങ്ങിക്കുന്ന രണ്ടാം ഗ്രേഡ് സവാളയ്ക്ക് 6 രൂപ കൂടി 50 ലെത്തി. ചെറിയ സവാളയ്ക്ക് 30 രൂപയാണ് വില. ഇത് ചിലയിടങ്ങളിൽ ചെറിയ ഉള്ളിയാണെന്ന് ധരിപ്പിച്ച് വില്പന നടത്തുന്നതായി ആക്ഷേപമുണ്ട്. ഇത് വ്യാപാരികളുമായുള്ള തർക്കത്തിനും കാരണമാകുന്നു.
മഴയിൽ വിലയേറ്റം
മഹാരാഷ്ട്രയിൽ മഴയിൽ കൃഷി നശിച്ചതാണ് ഉള്ളി വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇന്നലെയും ലോഡ് ആവശ്യത്തിന് എത്തിയിട്ടില്ലാത്തതിനാൽ ഇന്നും വില കൂടാനിടയുണ്ട്. ഇന്നലെ ഒന്നാം ഗ്രേഡിന് 200 രൂപയും രണ്ടാം ഗ്രേഡിന് 180 രൂപയുമാണ്. പച്ചമുളക് മാത്രമായിരുന്നു ആശ്വാസം. 10 രൂപ കുറഞ്ഞ് 40ലെത്തി.
മത്തിക്ക് 200
ചുഴലിക്കാറ്റിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകാത്തതാണ് മീൻ ക്ഷാമത്തിന് കാരണം. മത്തിക്ക് ഇന്നലെ കിലോയ്ക്ക് 200 രൂപയായിരുന്നു വില. മഴ മാറിയ സാഹചര്യത്തിൽ വില കുറയുമെന്നാണ് പ്രതീക്ഷ.
ഏറ്റക്കുറച്ചിൽ ഇല്ലാത്തത്
തക്കാളി : 30
ഉരുളക്കിഴങ്ങ് : 35
ഇഞ്ചി : 80
'' ചരക്ക് ആവശ്യത്തിന് എത്തുന്നില്ല. ഇനിയും വിലകൂടാൻ സാദ്ധ്യതയുണ്ട്''-
നൗഷാദ്, വ്യാപാരി