കോട്ടയം : എല്ലാം ഓൺലൈനായതോടെ ചെറുകിട മൊബൈൽ ഫോൺ വില്പന, റീച്ചാർജ് സ്ഥാപനങ്ങൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ആറു മാസത്തിനിടെ ജില്ലയിൽ 140 സ്ഥാപനങ്ങളാണ് പൂട്ടിയത്. ആമസോണും, ഫ്ളിപ്പ്കാർട്ടും അടക്കമുള്ള ഓൺലൈൻ കമ്പനികൾ വമ്പൻ ഓഫറുകളുമായി രംഗത്ത് ഇറങ്ങിയതോടെയാണ് മൊബൈൽഫോൺ ഷോപ്പുകളിൽ പ്രതിസന്ധി അതിരൂക്ഷമായത്. 15 മുതൽ 25 ശതമാനം വിലക്കുറവിലാണ് ഓൺലൈൻ വില്പന. അഞ്ചു ലക്ഷം രൂപയുടെയെങ്കിലും, സാധനങ്ങൾ എടുക്കുകയും, ഇതിന് അനുബന്ധമായി പരസ്യങ്ങൾ ചെയ്യുകയുമാണെങ്കിൽ ഓൺലൈനുകൾക്കു നൽകുന്ന അതേ വിലയിൽ തന്നെ മൊബൈൽ ഫോണുകൾ നൽകാമെന്നാണ് കമ്പനികൾ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ചെറുകിട - ഇടത്തരം കച്ചവടക്കാർക്ക് ഈ ഭീമമായ ഓഫർ താങ്ങാനാകുന്നില്ല.

പേരിന് മാത്രം വില്പന

ശരാശരി 3 മുതൽ 5 വരെ മൊബൈൽ ഫോണുകളായിരുന്നു നേരത്തെ ചെറുകിട കടകളിൽ നിന്ന് വിറ്റഴിച്ചിരുന്നത്. ഇന്നിത് ഒന്നായി ചുരുങ്ങി. ചില ദിവസങ്ങളിൽ അതുമില്ല. 1000 രൂപയുടെ മൊബൈൽ ഫോൺ റീച്ചാർജ് ചെയ്‌താൽ 40 രൂപയാണ് കമ്മിഷനായി ലഭിക്കുന്നത്. ഇതിനു 18 ശതമാനം ജി.എസ്.ടി ചുമത്തിയിരിക്കുന്നതും വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു.

സർക്കാർ ഇടപെടണം

മൊബൈൽ ഫോൺ വ്യാപാരികളുടെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ഓൺലൈനുകളുടെ അതിപ്രസരം ഒഴിവാക്കണം.

കോട്ടയം ബിജു (എം.എം ശിവബിജു )
സംസ്ഥാന പ്രസിഡന്റ്, മൊബൈൽ & റീചാർജിങ് റീട്ടെയ്‌ലേഴ്സ് അസോ.