pnaveli

കറുകച്ചാൽ : പുന്നവേലി പാലം നാട്ടുകാർക്ക് ഇന്ന് പേടിസ്വപ്‌നമാണ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന നെടുംകുന്നം കുളത്തൂർമുഴി റോഡിലെ പ്രധാനപ്പെട്ട പാലമാണ് പുന്നവേലി അട്ടക്കളം പാലം.

75 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ സ്ഥിതി ഏറെ മോശമാണ്. കാലപ്പഴക്കത്താൽ പാലത്തിന്റെ തൂണുകളിൽ വിള്ളലുകൾ ഉണ്ടാകുകയും കോൺക്രീറ്റ് പാളികളടക്കം തകർന്ന നിലയിലുമാണ് . പ്രതിദിനം 10 ബസുകളക്കം സർവീസ് നടത്തുന്ന റോഡിലൂടെ നൂറുകണക്കിന് ചെറുവാഹനങ്ങളും ഭാരം കയറ്റിയ വാഹനങ്ങളും കടന്നു പോകാറുണ്ട്. പരമ്പരാഗത ശബരിമല പാതയുടെ ഭാഗമായതിനാൽ തീർഥാടന കാലത്തും വൻ തിരക്കാണ് ഇവിടെ ഉണ്ടാകാറുള്ളത്. പതിനഞ്ചടി നീളമുള്ള പാലത്തിന് ആവശ്യത്തിന് വീതിയില്ല. ഒരേ സമയം എതിർദിശയിൽ വാഹനങ്ങൾ എത്തിയാൽ കടന്നു പോകുവാൻ കഴിയാത്ത അവസ്ഥയാണ് ഉള്ളത്.

കാലപ്പഴക്കത്താൽ പാലത്തിനടിയിലെ കോൺക്രീറ്റ് പാളികൾ അടർന്നു വീഴുകയും ഇരുമ്പ് കമ്പികൾ തെളിഞ്ഞ നിലയിലുമാണ്. കമ്പികൾ പലതും തുരുമ്പെടുത്ത് പൊടിഞ്ഞ നിലയിലാണ് ഇപ്പോൾ. പുന്നവേലി ഹൈസ്‌കൂൾ, നെടുംകുന്നം സെന്റ് ജോൺസ് സ്‌കൂൾ, ബസേലിയോസ് ഹയർസെക്കൻഡറി സ്‌കൂൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലേക്ക് പോകുവാനായി ആളുകൾ ഉപയോഗിക്കുന്നത് ഈ പാലമാണ്. പാലം പുനർനിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കവുമുണ്ട്. എന്നാൽ പരാതികൾ ഏറുമ്പോൾ അധികൃതർ പാലത്തിൽ ചെറിയ മിനുക്കുപണികൾ നടത്തി പോകുക മാത്രമാണ് ചെയ്തിരുന്നത്. റോഡ് ഉന്നതനിലവാരത്തിൽ ടാർ ചെയ്ത് നിലനിർത്തിയിട്ടുള്ളതിനാൽ പാലത്തിന്റെ ശോച്യാവസ്ഥ എത്രമാത്രം ഉണ്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിയില്ല. അപകടഭീഷണിയായ പാലം പുനർനിർമിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.