കോട്ടയം: പെൻഷൻ ഗുണഭോക്‌താവ് മരിച്ചതായി റിപ്പോർട്ട് ലഭിച്ചാൽ സ്വാഭാവികമായും പെൻഷൻ റദ്ദ് ചെയ്യണമെന്നാണ് ചട്ടം. എന്നാൽ മരണശേഷം വാഹനമുണ്ടെന്ന കാരണത്താൽ പെൻഷൻ തടഞ്ഞുവച്ചാലോ ?..കേട്ടുകേൾവി പോലുമില്ലാത്ത ഈ അത്യപൂർവ പ്രതിഭാസം അരങ്ങേറിയത് പനച്ചിക്കാട് പഞ്ചായത്തിലാണ്. പനച്ചിക്കാട് പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് കുഴിമറ്റം പ്ലാവേലിൽ വീട്ടിൽ അന്നമ്മയ്‌ക്കാണ് മരിച്ച ശേഷം ടിപ്പർ ലോറിയുണ്ടെന്ന കണ്ടെത്തൽ നടത്തി പഞ്ചായത്ത് പെൻഷൻ 'തടഞ്ഞത്'. വർഷങ്ങളോളമായി ഇവർ വിധവാ പെൻഷൻ വാങ്ങിയിരുന്നു. സെപ്തംബറിലാണ് ഇവർ മരിച്ചത്. ഇവരുടെ മരണം സംബന്ധിച്ച് ബന്ധപ്പെട്ടവർ പഞ്ചായത്തിൽ അറിയിച്ചിരുന്നു. എന്നാൽ, ഇതിനു ശേഷം പുറത്തിറങ്ങിയ പട്ടികയിലാണ് ഐഷർ ലോറിയുണ്ടെന്ന കാരണത്താൽ അന്നമ്മയുടെ പെൻഷൻ തടഞ്ഞതായി കാണിച്ചിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വെബ് സൈറ്റിലെ വിവരം അനുസരിച്ച് ആൽബിൻ ആന്റണി എന്നയാളുടെ പേരിലുള്ള വാഹനമാണ് അന്നമ്മയുടെ പേരിലാണെന്ന കണ്ടെത്തൽ പഞ്ചായത്ത് നടത്തിയിരിക്കുന്നത്. അന്നമ്മയുടെ മാത്രമല്ല പൂവൻതുരുത്ത് പെരുമ്പ്രായിൽ സുകുമാരകൈമളുടെ പെൻഷനും ഇതേ കാരണത്താൽ തന്നെ തടഞ്ഞു വച്ചിരിക്കുകയാണ്. സുകുമാരകൈമൾക്കു സ്വന്തം പേരിൽ കാറുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇദ്ദേഹം മരിച്ച് ഒരു വർഷത്തിനു ശേഷമാണ് ഇദ്ദേഹത്തിന്റെ വാർദ്ധക്യകാല പെൻഷൻ തടഞ്ഞ് പഞ്ചായത്ത് 'ആത്മാർത്ഥ' കാണിച്ചത്. ആയിരം സിസിയിൽ കൂടുതലുള്ള സ്വകാര്യ വാഹനമുള്ളവരുടെ പെൻഷൻ തടഞ്ഞു വയ്‌ക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിന്റെ ഈ 'അത്യപൂർവ' നടപടി.
ഭർത്താവ് ജീവിച്ചിരിക്കേ വിധവാ പെൻഷൻ !
ഒരു വർഷം മുൻപ് ഭർത്താവ് ജീവിച്ചിരിക്കെത്തന്നെ പനച്ചിക്കാട് സ്വദേശിയായ വീട്ടമ്മയ്‌ക്ക് പഞ്ചായത്ത് വിധവ പെൻഷൻ അനുവദിച്ചിരുന്നു. പെൻഷൻ അനുവദിച്ചതിന്റെ പിറ്റേന്ന് ഭാര്യയും ഭർത്താവും ഓഫിസിൽ എത്തിയതോടെ സെക്രട്ടറി അടക്കം എല്ലാവരും ഞെട്ടി. തുടർന്ന് തീരുമാനം പിൻവലിക്കുകയായിരുന്നു.
ക്രമക്കേട് അന്വേഷിക്കണം
പനച്ചിക്കാട് പഞ്ചായത്തിലെ പെൻഷൻ ക്രമക്കേട് സംബന്ധിച്ചു അന്വേഷണം നടത്തണം. ഗുരുതരമായ ക്രമക്കേടാണ് പെൻഷൻ വിതരണത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തണം.
റോയി മാത്യു
ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ