കടനാട് : പഞ്ചായത്തിലെ കരിങ്കല്ല് കൊള്ളയെപ്പറ്റി ജില്ലാ പൊലീസ് മേധാവിക്കു പരാതി കിട്ടിയപ്പോൾ മേലുകാവ് പൊലീസ് ഉണർന്നു ; ഇന്നലെ കടനാട് പഞ്ചായത്തിലെത്തിയ മേലുകാവ് എസ്. ഐ. കുര്യാക്കോസും സംഘവും പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി.

റോഡ് പണിയുടെ മറവിൽ അരക്കോടിയോളം രൂപയുടെ കരിങ്കല്ല് മോഷണം പോയതു സംബന്ധിച്ച് ഒരു മാസം മുമ്പ് പഞ്ചായത്ത് സെക്രട്ടറി മേലുകാവ് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും സംഭവ സ്ഥലം സന്ദർശിക്കാനോ , ബന്ധപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കാനോ മേലുകാവ് പൊലീസ് തയ്യാറായിരുന്നില്ല. പൊലീസിന്റെ അനാസ്ഥക്കെതിരെ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിമർശനമുയർന്നിരുന്നു. ഈ വിവരം അറിഞ്ഞിട്ടും കരിങ്കല്ല് കൊള്ള വിഷയത്തിൽ മേലുകാവ് പൊലീസ് അനങ്ങാപ്പാറ നയം തുടർന്നതോടെ പഞ്ചായത്ത് സെക്രട്ടറി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

ജില്ലാ പൊലീസ് ആസ്ഥാനത്തു നിന്ന് അന്വേഷണം ആരംഭിച്ചതോടെയാണ് മേലുകാവ് എസ്.ഐയ്ക്കും സംഘത്തിനും സംഭവത്തിന്റെ ഗൗരവാവസ്ഥ ബോദ്ധ്യപ്പെട്ടത്. ഇന്നലെ കടനാട് പഞ്ചായത്ത് ഓഫീസിലേക്ക് തിരക്കിട്ടെത്തിയ എസ്. ഐയും സംഘവും സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.
എന്നാൽ, ലക്ഷക്കണക്കിനു രൂപയുടെ പൊതുമുതൽ മോഷ്ടിച്ച സംഭവമാണെങ്കിലും കേസെടുക്കാൻ പൊലീസ് ഇതേ വരെ തയ്യാറായിട്ടില്ല. നാട്ടുകാർക്ക് വഴി സുഗമമാക്കാൻ കല്ല് നീക്കിയതാണെന്നാണ് തങ്ങൾ അറിഞ്ഞതെന്നും , അതിനാൽ പെട്ടെന്ന് കേസെടുക്കാനാവില്ലെന്നുമാണ് മേലുകാവ് പൊലീസിന്റെ വാദം.

 പൊലീസിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്

ലക്ഷക്കണക്കിനു രൂപയുടെ പൊതുമുതൽ കടത്തിയ സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി കിട്ടിയിട്ടും യഥാ സമയം അന്വേഷണം നടത്തുന്നതിൽ മേലുകാവ് പൊലീസിനു വീഴ്ച പറ്റിയതായി പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. നാട്ടുകാർക്ക് വഴിയുണ്ടാക്കാൻ കല്ല് മാറ്റിയതാണെന്ന വാദവുമായി പരാതിക്കു മേൽ മേലുകാവ് എസ്.ഐഒരു നടപടിയും സ്വീകരിച്ചില്ല. ഇതു സംബന്ധിച്ച് പത്രവാർത്തകൾ വന്നിട്ടും പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ലെന്നും, പഞ്ചായത്തു ഭരണ സമിതിയിലെ ഒരു ഉന്നതന്റെ വാക്കു കേട്ട് മേലുകാവ് പൊലീസ് ഇക്കാര്യത്തിൽ നിഷ്‌ക്രിയരായെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന.