പാലാ: സ്‌കന്ദഷഷ്ഠി നാളായിരുന്ന ഇന്നലെ പ്രമുഖ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലായി പ്രാർത്ഥിക്കാനെത്തിയത് ആയിരക്കണക്കിനു ഭക്തർ; കൂടുതലും സ്ത്രീകൾ.

ഒരു വർഷത്തെ ഷഷ്ഠിവ്രതത്തിന്റെ തുടക്കം കൂടിയായ സ്‌കന്ദ ഷഷ്ഠി നാളിൽ ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ ഇടപ്പാടി ഷൺമുഖ ക്ഷേത്രത്തിൽ അഭൂതപൂർവ്വമായ ഭക്തജനത്തിരക്കാണുണ്ടായത്. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, തുടർന്ന് കലശപൂജകൾ, ഗുരുപൂജ, കാര്യസിദ്ധിപൂജ, വിശേഷാൽ ഷഷ്ഠിപൂജ, ഷഷ്ഠിയൂട്ട് എന്നിവ നടന്നു. മേൽശാന്തി സനീഷ് വൈക്കം മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രം രക്ഷാധികാരി അഡ്വ. കെ.എം. സന്തോഷ് കുമാർ, ദേവസ്വം ഭാരവാഹികളായ ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ, സതീഷ് മണി തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്നലെ പുലർച്ചെ മുതൽ ഭക്തജനങ്ങളുടെ വൻ തിരക്കായിരന്നു. പുതുതായി ഷഷ്ഠി വ്രതം തുടങ്ങാനും നിരവധി പേരെത്തി. ഷഷ്ഠിയൂട്ടിനും ഭക്തജനങ്ങളുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു.

അരുണാപുരം ഊരാശ്ശാല ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം, രാമപുരം കൊണ്ടാട് ശ്രീസുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രം എന്നിവിടങ്ങളിലും ഷഷ്ഠിവ്രത പൂജകൾക്ക് നിരവധി ഭക്തരെത്തി.