കോട്ടയം: ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷ സ്ഥാനം കൈമാറുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ കോൺഗ്രസ്- കേരള കോൺഗ്രസ് (ജോസ് വിഭാഗം) ബന്ധത്തിൽ അകൽച്ച. പാലാ ഉപതിരഞ്ഞെടുപ്പോടെ ഉണ്ടായ അകൽച്ച വഷളാകും വിധം വളർന്നു. ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇരു പാർട്ടികളും പരസപ്‌രം മത്സരിച്ചതോടെ ബന്ധം കടുതൽ വഷളായി. ളാലത്ത് മാണി ഗ്രൂപ്പിന്റെ സ്ഥാനാർത്ഥിയെ കോൺഗ്രസ് സ്ഥാനാർത്ഥി പരാജയപ്പെടുത്തിയിരുന്നു. രാമപുരം ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷ സ്ഥാനം കൈമാറാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് പ്രസിഡന്റിനെതിരേ കോൺഗ്രസ് അവിശ്വാസത്തിന് നീക്കം തുടങ്ങി. മുൻ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം കൈമാറാൻ ജോസ് വിഭാഗം തയാറാകുന്നില്ലെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആക്ഷേപം. മൂന്ന് വർഷത്തിൽ കൂടുതലായി കേരളാ കോൺഗ്രസ് പ്രതിനിധി പ്രസിഡന്റായി തുടരുകയണ്. പാല ഉപതിരഞ്ഞെടുപ്പിന് മുൻപ് പ്രസിഡന്റ് സ്ഥാനം കൈമാറണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു.ഈ പ്രശ്നത്തിന്റെ പേരിൽ ഇടഞ്ഞ കോൺഗ്രസ് പാലായിൽ കാലുവാരിയെന്നാണ് ജോസ് വിഭാഗത്തിന്റെ ആരോപണം. പ്രശ്ന പരിഹാരം നിളുന്ന സാഹചര്യത്തിൽ കേരളകോൺഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസത്തിനൊരുങ്ങുകയാണ് കോൺഗ്രസ് .
കേരളാ കോൺഗ്രസുകളിലെ അഭിപ്രായ ഭിന്നത ചങ്ങനാശേരി നഗരസഭാ ചെയർമാൻ സ്ഥാനത്തെയും ബാധിച്ചു. കോൺഗ്രസിന് അർഹതപ്പെട്ട രണ്ടര വർഷത്തിന് ശേഷം ഒന്നേകാൽ വർഷം വീതം ചെയർമാൻ സ്ഥാനം കേരളകോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് നൽകാനായിരുന്നു ധരണ. ലാലിച്ചൻ കുന്നിപ്പറമ്പിലിന്റെ കാലാവധി അവസാനിച്ചിട്ടു മാസങ്ങളായി. അവസാന ടേം സി.എഫ് .തോമസ് എം.എൽ.എയുടെ സഹോദരൻ കൂടിയായ ജോസഫ് വിഭാഗത്തിലെ സാജൻ ഫ്രാൻസിസിന് നൽകാമെന്ന ധാരണ ജോസ് വിഭാഗം ലംഘിച്ചുവെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ഈ തർക്കം നഗരസഭാ ഭരണത്തിൽ പ്രതിസന്ധി ഉണ്ടാക്കിയതായി ഭരണകക്ഷി കൗൺസിലർമാരും കുറ്റപ്പെടുത്തുന്നു. ജില്ലാ,സംസ്ഥാന തലത്തിൽ യു.ഡി.എഫ്. നേതാക്കളും ജോസഫ് വിഭാഗം നേതാക്കളും പല തവണ ചങ്ങനശേരി നഗരസഭാ ചെയർമാൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടും ജോസ് വിഭാഗം കടുംപിടിത്തം തുടരുകയാണ്. പ്രതിപക്ഷമാകട്ടെ നഗര ഭരണത്തിലെ പാളിച്ചകൾ ചുണ്ടിക്കാട്ടി യു.ഡി.എഫിനെതിരായ ജനകീയ വികാരം കത്തിക്കാനുള്ള രാഷ്ട്രീയ നീക്കത്തിലുമാണ്.