എരുമേലി : ശബരിമല തീർത്ഥാടകരെ സ്വീകരിക്കുന്നതിന് 15നുള്ളിൽ എരുമേലി പൂർണമായും സജ്ജമാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ആഗസ്റ്റിൽ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് സമയബന്ധിതമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.

റോഡുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാകും. മണ്ഡലകാലം മുഴുവനും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ യാത്രാ മാർഗങ്ങളിലും മതിയായ സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് എരുമേലി ദേവസ്വം ഹാളിൽ നടന്ന അവലോകന യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. വിവിധ വകുപ്പുമേധാവികൾ ഇതുവരെ നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിച്ചു. അവസാനഘട്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ, അംഗങ്ങളായ കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ദേവസ്വം കമ്മിഷണർ എൻ. ഹർഷൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, ജില്ലാ പോലീസ് മേധാവി പി.എസ്. സാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, എരുമേലി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, കോരൂത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രാജൻ, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, മറ്റു ജനപ്രതിനിധികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

മന്ത്രിയുടെ നിർദ്ദേശങ്ങൾ

തീർത്ഥാടനം സുഗമമാക്കുന്നതിന് ശുചിത്വം ഉറപ്പാക്കണം

മാലിന്യ സംസ്‌കരണ സംവിധാനം ഉറപ്പാക്കണം

ജൈവസിന്ദൂരമേ വിൽക്കാവൂ എന്ന് നിർദ്ദേശം നൽകണം

കുടിവെള്ളശുദ്ധിയും ഖരമാലിന്യ നിർമാർജന പ്ലാന്റിന്റെ കാര്യക്ഷമതയും ഉറപ്പാക്കണം

വെള്ളം ശുദ്ധീകരിക്കുന്നതിന് താത്കാലിക പ്ലാന്റ് സ്ഥാപിക്കണം

എരുമേലി തോട് അടിയന്തരമായി വൃത്തിയാക്കണം

പൊലീസിന്റെ നിർദ്ദേശപ്രകാരം സിസിടിവി കാമറകൾ സ്ഥാപിക്കണം

കെ.എസ്.ആർ.ടി.സി ആവശ്യാനുസരണം സർവീസ് നടത്തണം

 ബസുകൾ പാർക്കു ചെയ്യുന്നതിന് കൂടുതൽ സൗകര്യം വേണം

ശൗചാലയങ്ങളുടെയും അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തീകരിക്കണം

പൊലീസ് സജ്ജം

സുരക്ഷാസംവിധാനങ്ങളുമായി ബന്ധപ്പെട്ട പൊലീസിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായി. പൊലീസ് ഉദ്യോഗസ്ഥർക്ക് താമസിക്കുന്നതിന് ദേവസ്വം മതിയായ സൗകര്യം ലഭ്യമാക്കും. ഫയർ ഫോഴ്‌സിന്റെയും എക്‌സൈസ്സിന്റെയും സേവനം 24 മണിക്കൂറുമുണ്ടാകും. മോട്ടോർവാഹനവകുപ്പ് സേഫ് സോൺ പദ്ധതിയുടെ ഭാഗമായി എരുമേലിയിലും സമീപമേഖലകളിലുമായി 18 സ്‌ക്വാഡുകൾ പ്രവർത്തിക്കും.

ഏറ്റുമാനൂരിലും വിപുലമായ സൗകര്യം

തീർത്ഥാടകർക്ക് ഏറ്റുമാനൂർ ഇടത്താവളത്തിൽ വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വിശ്രമിക്കുന്നതിനും വിരിവയ്ക്കുന്നതിനും മതിയായ സൗകര്യങ്ങളുണ്ടാകും. കുടിവെള്ളം, ശൗചാലയ സൗകര്യം എന്നിവ ഉറപ്പാക്കും. ദേവസ്വം ബോർഡിന്റെ ഓഡിറ്റോറിയം ഉൾപ്പെടെ താമസ സൗകര്യമുള്ള കെട്ടിടങ്ങൾ വിശ്രമ കേന്ദ്രങ്ങളാക്കും. 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമും, സി.സി.ടി.വി കാമറകളും സജ്ജമാക്കും. വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പാർക്കിംഗ് സൗകര്യം വിപുലീകരിക്കും. തീർത്ഥാടകർ സഞ്ചരിക്കുന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കും. കൂടുതൽ ബസ് സർവീസുകൾ ഏർപ്പെടുത്തുന്നതിനും , അന്വേഷണ കൗണ്ടർ തുറക്കുന്നതിനും കെ.എസ്.ആർ.ടി.സി അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി. ഭക്തർക്ക് സൗജന്യ ചികിത്സ നൽകുന്നതിന് ആരോഗ്യവകുപ്പ് സംവിധാനമേർപ്പെടുത്തും. ആംബുലൻസ് സൗകര്യവും ഉറപ്പാക്കും. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തും.

കരിങ്കൊടി വീശി ബി.ജെ.പി

എരുമേലിയിൽ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാർ അലംഭാവം വരുത്തിയെന്നാരോപിച്ച് ബി.ജെ.പി പ്രവർത്തകർ മന്ത്രി കടകംപള്ളി സുരേന്ദ്രനെ കരിങ്കൊടി കാണിച്ചത് നേരിയ സംഘർഷത്തിനിടിയാക്കി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് ഡിവൈ.എസ്.പി ഗിരീഷ് പി സാരഥിയുടെ നേതൃത്വത്തിൽ വൻപൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.